ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പായ കഫെ കോഫീ ഡെ 280ലേറെ ഔട്ട്‌ലെറ്റുകള്‍ പൂട്ടി. 

To advertise here,

കോഫീ ഡെ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവില്‍ 1480 കോഫീ ഷോപ്പുകളാണുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ല്‍നിന്ന് 15,445 ആയി കുറഞ്ഞിരുന്നു. പ്രവര്‍ത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭംവര്‍ധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതെന്ന് കമ്പനി പറയുന്നു. 

പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തെതുടര്‍ന്ന് കമ്പനിയുടെ ആസ്തികള്‍ വിറ്റ് കോഫീ ഡെ എന്റര്‍പ്രൈസസ് കടവീട്ടിവരികയാണ്. 13 വായ്പാദാതാക്കള്‍ക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനല്‍കി. 

ബെംഗളുരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് കഴിഞ്ഞ സെപറ്റംബറില്‍തന്നെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. 90 ഏക്കറിലായി പരന്നുകിടക്കുന്നതാണ് ഗ്ലോബല്‍ വില്ലേജ്. ഐടി കമ്പനിയായ മൈന്‍ഡ് ട്രീയിലെ കമ്പനിയുടെ ഓഹരികള്‍ എല്‍ആന്‍ഡ്ടിയ്ക്കും കൈമാറിയിരുന്നു.