ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, വിദേശകാര്യ മന്ത്രിയും, മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കര്‍ണാടക രാഷ്ട്രീയത്തിലെ അതികായനായ എസ്.എം കൃഷ്ണ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. നീണ്ടകാലത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് 2017 ലാണ് അദ്ദേഹം ബി.ജെ.പിയിലെത്തിയത്. സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. സംസ്‌കാരം ബുധനാഴ്ച ജന്മദേശമായ മദ്ദൂരില്‍ നടക്കും.

To advertise here,

1962-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1967-ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ല്‍ മാണ്ഡ്യയില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പി.എസ്.പി ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭാംഗയിലെത്തി. മാണ്ഡ്യയായിരുന്നു ദീര്‍ഘകാലം അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. കര്‍ണാടക രാഷ്ട്രീയത്തില്‍ മന്ത്രി, സ്പീക്കര്‍, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, പി.സി.സി അധ്യക്ഷന്‍ അങ്ങനെ ഏതാണ്ട് എല്ലാം പദവിയും അദ്ദേഹത്തിനെ തേടിയെത്തി. പ്രബലമായ വോക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് അദ്ദേഹത്തെ കര്‍ണാടക രാഷ്ട്രീയത്തില്‍ അവഗണിക്കാനാകാത്ത പ്രബലനാക്കിയത്.

1971-ല്‍ പി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ചേര്‍ന്ന കൃഷ്ണ അതേവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. 1972-ല്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ അംഗമായതിനെ തുടര്‍ന്ന് ലോക്‌സഭാംഗത്വം രാജിവച്ചു. 1972 മുതല്‍ 1977 വരെ സംസ്ഥാനത്ത് മന്ത്രിയായിരുന്നു. 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1994-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1999 മുതല്‍ 2000 വരെ കര്‍ണാടക പി.സി.സി പ്രസിഡന്റുമായിരുന്നു അദ്ദേഹം.

1999-ലാണ് കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയെങ്കിലും 2004-ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008-ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 

2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു. 2017 മാര്‍ച്ച് 22ന് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രായാധിക്യം സൂചിപ്പിച്ച് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. 2023 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഭാര്യ പ്രേമ. മക്കള്‍: മാളവിക, ശംഭവി. പ്രമുഖ ബിസിനസ്സുകാരനും കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയുമായിരുന്ന വി.ജി സിദ്ധാര്‍ഥ മരുമകനായിരുന്നു. നേത്രാവതി പുഴയില്‍ ചാടിയ സിദ്ധാര്‍ഥയുടെ ദുരൂഹ മരണം വലിയ ചര്‍ച്ചയായിരുന്നു.