
വെടിയേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ മാതാപിതാക്കള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍ ഗര്‍ഭിണിയാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
ചരണ്‍ കൗറിന് 58 വയസും മൂസേവാലയുടെ അച്ഛന്‍ ബാല്‍കൗര്‍ സിങ്ങിന് 60 വയസ്സുമാണ് പ്രായം. സോഷ്യല്‍ മീഡിയയിലും ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇവരുടെ ഏക മകനായിരുന്നു മൂസേവാലയെന്നും ജീവിതത്തിലെ ശൂന്യതയകറ്റാനാണ് അവര്‍ രണ്ടാമത്തെ കുഞ്ഞിനായി ഒരുങ്ങിയതെന്നും പോസ്റ്റുകളില്‍ പറയുന്നു.
2022 മെയ് 29-ന് പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയിലാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. 29 വയസ് മാത്രമായിരുന്നു അന്ന് മൂസേവാലയുടെ പ്രായം. മാന്‍സ ജില്ലയില്‍ മൂസേവാലയെ പിന്തുടര്‍ന്ന വാഹനവ്യൂഹത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു1. അദ്ദേഹത്തിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30-ഓളം തവണ മൂസെവാലയ്ക്ക് വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുപ്രസിദ്ധ കുറ്റവാളിയായ ഗോള്‍ഡി ബ്രാറായിരുന്നു ഈ കൊലപാതകത്തിന് പിന്നിലെ ആസൂത്രണം നടത്തിയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത് വിന്ദര്‍ജിത് സിങ് കാനഡയിലിരുന്നാണ് മൂസേവാലയുടെ കൊലപാതകമടക്കം ആസൂത്രണം ചെയ്തത്യ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.
നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന്‍ കൂടിയായിരുന്നു മൂസേവാല. ലെജണ്ട്, ഡെവിള്‍, ജസ്റ്റ് ലിസണ്‍, ടിബെയാന്‍ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗണ്‍ ബോയ്സ്, ഹാത്യാര്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആല്‍ബങ്ങള്‍. 2017-ല്‍ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആല്‍ബത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആല്‍ബങ്ങളെ ജനപ്രിയതയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബം ലിസ്റ്റില്‍ 2018-ല്‍ മൂസേവാലയുടെ സംഗീതവും ഇടം നേടിയിരുന്നു. 'സോ ഹൈ' ആല്‍ബത്തിന്റെ ജനപ്രിയതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 481 മില്ല്യണ്‍ ആണ് യൂട്യൂബില്‍ 'സോ ഹൈ' ആല്‍ബത്തിന്റെ കാഴ്ച. പഞ്ചാബി ചിത്രങ്ങളായ മൂസ ജട്ട്, യെസ് ഐ ആം സ്റ്റുഡന്റ് എന്നിവയിലാണ് അഭിനയിച്ചത്.
യൂട്യൂബില്‍ മാത്രം ഒരു കോടിക്കടുത്താണ് മൂസേവാലയുടെ സബ്സ്‌ക്രൈബേഴ്‌സിന്റെ എണ്ണം. ഇന്‍സ്റ്റഗ്രാമില്‍ ഇത് 70 ലക്ഷത്തിനടുത്താണ്. വലിയ ആരാധകക്കൂട്ടമാണ് മൂസേവാലയ്ക്ക് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ആല്‍ബത്തിലെ ഉള്ളടക്കം പതിവായി വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്രമണത്തേയും തോക്കുകളുടെ ഉപയോഗത്തേയും ലഹരിമരുന്ന് ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് ആല്‍ബങ്ങള്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം.
Content Highlights: sidhu moose walas parents to welcome a baby soon
Published: 27 Feb 2024, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented