അഭിനേത്രിയെന്ന നിലയിലും ഗായികയെന്ന നിലയിലും ഇന്ത്യയൊട്ടാകെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ശ്രുതി ഹാസൻ. സിനിമയ്ക്ക് പുറത്തും ശ്രുതിയുടെ സംസാരവും പെരുമാറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അടുത്തിടെ 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ, ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രവർത്തിച്ച തൻ്റെ അനുഭവങ്ങളെക്കുറിച്ചും ബോളിവുഡ് നൽകിയ തിരിച്ചറിവുകളെക്കുറിച്ചും ശ്രുതി മനസ് തുറന്നു. തെന്നിന്ത്യൻ അഭിനേതാക്കൾക്കിടയിലെ വിനയവും ബോളിവുഡുമായുള്ള സാംസ്കാരിക വ്യത്യാസങ്ങൾക്കും ഊന്നൽ നൽകിയുള്ള ശ്രുതിയുടെ വാക്കുകൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

To advertise here,

ബോളിവുഡിനെ അപേക്ഷിച്ച് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാണെന്ന് ശ്രുതി പറഞ്ഞു. "ഒരുപാട് പണമുള്ള പലരും ആർഭാടമായി വസ്ത്രം ധരിക്കില്ല. അവർ വർഷങ്ങളോളം പഴയ അംബാസഡർ കാർ തന്നെ ഉപയോഗിക്കും. അത് ദക്ഷിണേന്ത്യയുടെ മനഃശാസ്ത്രമാണ്, നമ്മൾ കലയുടെ വെറും വാഹകർ മാത്രമാണെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അഹങ്കരിച്ചാൽ  സരസ്വതി ദേവി അനുഗ്രഹം പിൻവലിക്കും എന്ന് ഭയക്കുന്നതിനാലാണ് സൗത്ത് താരങ്ങൾ കൂടുതൽ വിനയമുള്ളവരാകുന്നത്"- ശ്രുതി പറഞ്ഞു. വിശ്വാസിയല്ലാത്ത പിതാവിനൊപ്പം വളർന്നതിനാൽ ആ സാഹചര്യത്തിൽ സാംസ്കാരികമായ വിശ്വാസങ്ങളിൽ താനും ശ്രദ്ധ കൊടുത്തിരുന്നില്ല. എന്നാൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ രാവിലെ തേങ്ങ ഉടയ്ക്കുന്നത്, അല്ലെങ്കിൽ ഒരു മൂലയിൽ ഒരു ദൈവത്തിൻ്റെ ഫോട്ടോ വെക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. തെന്നിന്ത്യൻ സിനിമ സെറ്റുകളിൽ എങ്ങനെ പെരുമാറണമെന്നത് അഭിനേതാക്കൾക്കും അവരുടെ സ്റ്റാഫുകൾക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദി സിനിമയിൽ പ്രവർത്തിച്ചതിനെ അപേക്ഷിച്ച് സൗത്ത് ഇൻഡസ്ട്രിയിൽ സാമൂഹിക അവബോധം കൂടുതലാണെന്ന് മനസിലായി- ശ്രുതി കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യൻ സിനിമയിൽ മികച്ച കരിയർ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ബോളിവുഡിൽ ശ്രുതിയുടെ യാത്ര വിജയകരമായിരുന്നില്ല. സഞ്ജയ് ദത്തിനും ഇമ്രാൻ ഖാനുമൊപ്പം 'ലക്ക്' എന്ന ചിത്രത്തിലൂടെ 2009 ലാണ് അവർ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് പുറത്തുവന്ന 'ദിൽ തോ ബച്ചാ ഹേ ജി', 'രാമയ്യ വസ്തവയ്യ', 'വെൽക്കം ബാക്ക്', 'റോക്കി ഹാൻഡ്സം', 'ബെഹൻ ഹോഗി തേരി' തുടങ്ങിയ ചിത്രങ്ങളും വാണിജ്യപരമായി പരാജയപ്പെടുകയായിരുന്നു. അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച് 2015 -ൽ പുറത്തിറങ്ങിയ 'ഗബ്ബർ ഈസ് ബാക്ക്' ആയിരുന്നു ശ്രുതി ഹാസന്റെ ഏക ബോളിവുഡ് ഹിറ്റ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത്, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവർ അഭിനയിച്ച 'കൂലി'യെന്ന ചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രത്തിലെ ശ്രുതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം ആറ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 200 കോടിയിലധികം രൂപ കളക്ഷൻ നേടി മുന്നേറുകയാണ്. വിജയ് സേതുപതി നായകനാകുന്ന മിഷ്കിൻ്റെ 'ട്രെയിൻ' എന്ന സിനിമയിൽ ശ്രുതി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പ്രശാന്ത് നീലിൻ്റെ, പ്രഭാസും പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്ന 'സലാർ പാർട്ട് 2: ശൗര്യാംഗ പർവ്വം' എന്ന ചിത്രവും ശ്രുതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രമാണ്.