
ദീർഘകാലമായി പ്രണയത്തിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ഇരുവരും സന്തോഷവാർത്ത അറിയിച്ചത്. പോസ്റ്റ് വൈറലായതോടെ ഒട്ടേറെ ആരാധകർ ഇരുവർക്കും ആശംസകൾ പങ്കുവെച്ചു.
'ചിരികൾ പങ്കുവെച്ചതിൽ നിന്ന് സ്വപ്നങ്ങൾ പങ്കിടുന്നതിലേക്ക്. വിവാഹ നിശ്ചയത്തിന് ശേഷം ലഭിച്ച സ്നേഹത്തിനും ആശംസകൾക്കും നന്ദി. എന്നെന്നേക്കുമായി ഒന്നിച്ചൊരു ജീവിതം ഞങ്ങൾ തിരഞ്ഞെടുക്കുന്നു', ധവാനും സോഫിയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അയർലൻഡുകാരിയായ സോഫിയുമായി പ്രണയത്തിലാണെന്ന് കഴിഞ്ഞ മെയിലാണ് ശിഖർ വെളിപ്പെടുത്തിയത്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിക്കിടെ ധവാനൊപ്പം സോഫിയും മത്സരം കാണാനെത്തിയിരുന്നു. അയർലൻഡിലെ ലിമെറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റ് ബിരുദം നേടിയ സോഫി, നിലവിൽ പ്രൊഡക്ട് കൺസൽട്ടന്റായി ജോലിചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. അയർലൻഡിലെ പ്രശസ്തമായ കാസിൽറോയ് കോളേജിൽ പഠിച്ച സോഫി, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷന്റെ സെക്കൻഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പഠിച്ചത് മുഴുവൻ അയർലൻഡിലാണ്.
ദുബായിൽവെച്ച് ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാൻ സോഫിയുമായി ആദ്യം പരിചയപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രമേണ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. 2024 ഐപിഎല്ലിൽ ധവാൻ പഞ്ചാബ് കിങ്സിനായി കളിക്കുമ്പോൾ സോഫി ഗാലറിയിലുണ്ടായിരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 2023 ജൂൺ 13-ന് സോഫി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ധവാൻ ലൈക്ക് ചെയ്തിരുന്നു. ധവാന് വരുന്ന ഡിസംബറോടെ 40 വയസ്സാവും.
ആദ്യ ഭാര്യ അയിഷ മുഖർജിയുമായുള്ള ദാമ്പത്യബന്ധം വേർപെടുത്തി ഒന്നര വർഷം പിന്നിടുമ്പോഴാണ് തന്റെ പുതിയ പ്രണയത്തെ കുറിച്ച് ധവാൻ വെളിപ്പെടുത്തിയത്. 2023 ഒക്ടോബറിലാണ് ധവാനും അയിഷയും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ സരോവർ എന്ന 11 വയസ്സുള്ള മകനുണ്ട്. അയിഷ മുഖർജിയുടെ കൂടെ ഓസ്‌ട്രേലിയയിലാണ് സരോവർ താമസിക്കുന്നത്.
Content Highlights: Former Indian cricketer Shikhar Dhawan announces his engagement to Sophie Shine. Fans worldwide send their heartfelt wishes as the couple embarks on a new journey together.
Published: 12 Jan 2026, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented