24-ാം വയസിലായിരുന്നു നടി ശര്‍മിള ടാഗോര്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെ വിവാഹം ചെയ്തത്. പ്രണയകാലത്തിനുശേഷം വിവാഹത്തെ കുറിച്ച് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി പറഞ്ഞപ്പോള്‍ ശര്‍മിള ടാഗോര്‍ തമാശയായി ഒരു നിബന്ധന വെച്ചു. അടുത്ത മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ നേടിയാല്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്നതായിരുന്നു ആ നിബന്ധന. ആദ്യം ചിരിച്ചുതള്ളിയെങ്കിലും പിന്നീട് അത് ഗൗരവമായെടുത്ത അദ്ദേഹം പ്രിയതമയ്ക്കായി മൂന്ന് സിക്‌സറുകള്‍ നേടി.

To advertise here,

അടുത്തിടെ ഇരുവരുടേയും വിവാഹജീവിതത്തിലുണ്ടായ വ്യത്യസ്തമായ ഒരു സംഭവം മകളും നടിയുമായ സോഹ അലി ഖാന്‍ പങ്കുവെച്ചു. 'ഓള്‍ എബൗട്ട് ഹെര്‍' എന്ന തന്റെ പോഡ്കാസ്റ്റ് ഷോയിലാണ് സോഹ ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ ഉറങ്ങിയെഴുന്നേല്‍ക്കുന്നതിന് മുമ്പ് എഴുന്നേറ്റ് അമ്മ മേക്കപ്പ് ചെയ്യാറുണ്ടായിരുന്നുവെന്നും അതിനുശേഷം വീണ്ടും കിടുന്നറുങ്ങുമെന്നും സോഹ പറയുന്നു.

'ഞാന്‍ ഭര്‍ത്താവ് കുനാല്‍ ഖേമുവിന് മുന്നില്‍ മേക്കപ്പില്ലാതെ സുഖമായി ഇരിക്കുന്നു. എന്നാല്‍ അമ്മ അങ്ങനെയായിരുന്നില്ല. അച്ഛന്‍ ഉണരും മുമ്പ് എഴുന്നേറ്റ് അല്‍പം മേക്കപ്പ് ചെയ്ത് അമ്മ വീണ്ടും ഉറങ്ങും. അതിന് ഒരു കാരണമുണ്ടായിരുന്നു. നടി ശര്‍മിള ടാഗോര്‍ ആയിത്തന്നെ അദ്ദേഹം തന്നെ കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. കുറച്ച് കാലം ഇക്കാര്യം തുടര്‍ന്നു.'-സോഹ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ഭോപ്പാല്‍ രാജകുടുംബാംഗവുമായ മന്‍സൂര്‍ അലി ഖാനും ശര്‍മിള ടാഗോറും 1968-ലാണ് വിവാഹിതരായത്. സബാ അലി ഖാന്‍, സെയ്ഫ് അലി ഖാന്‍, സോഹ അലി ഖാന്‍ എന്നിവരാണ് മക്കള്‍.