സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുകള്‍ പങ്കുവെച്ച് സുഹൃത്തുക്കളായ അശ്വതിയും സോണിയ ശ്രീജിത്തും. ഇരുവരും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രഞ്ജുഷയുമായുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിയത്. 

To advertise here,

സീരിയലിൽ അഭിനയിക്കുന്ന കാലത്ത് അശ്വതിയുടെ അടുത്ത സുഹൃത്തായിരുന്നു രഞ്ജുഷ. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് അശ്വതി ഇപ്പോള്‍ കുടുംബസമേതം അമേരിക്കയിലാണ്. മനസിലുള്ളതെന്തും പങ്കുവെയ്ക്കാന്‍ കഴിയുന്ന സൗഹൃദം രഞ്ജുഷയുമായി ഉണ്ടായിരുന്നെന്നും രണ്ടാഴ്ച്ച മുമ്പ്കൂടി തന്നെ വിളിച്ചിരുന്നെന്നും അശ്വതി പോസ്റ്റില്‍ പറയുന്നു.

2009 മുതലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. പിറന്നാള്‍ ആശംസകള്‍ മെസ്സേജ് ചെയ്ത് അടുത്ത വാട്‌സാപ്പ് ഗ്രൂപ്പ് തുറന്നുനോക്കുമ്പോള്‍ രഞ്ജുഷ മരിച്ച വാര്‍ത്തയാണ് കണ്ടതെന്നും ആ സമയത്ത് ഭൂമി തലകീഴായി മറിയുന്നതുപോലെ തോന്നിയെന്നും അശ്വതി പറയുന്നു. നിയന്ത്രണം വിട്ട് കരയാനല്ലാതെ മറ്റൊന്നിനം കഴിഞ്ഞില്ലെന്നും ഇനി നാട്ടില്‍ വരുമ്പോള്‍ കാണാന്‍ വരാന്‍ അവിടെയുണ്ടാകില്ലല്ലോ എന്നും കുറിപ്പില്‍ അശ്വതി പറയുന്നു. രഞ്ജുഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പിറന്നാള്‍ ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോ എന്നാണ് നടി സോണിയ ശ്രീജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മരണവാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഒരു ഫോട്ടോഷൂട്ടിനിടേയാണ് അടുത്ത സുഹൃത്തക്കളായി മാറിയതെന്നും സോണിയ പറയുന്നു. ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രവും സോണിയ പങ്കുവെച്ചിട്ടുണ്ട്.

'താരോത്സവത്തില്‍ ആണ് പരിചയപ്പെട്ടതെങ്കിലും കൂടുതല്‍ അടുത്തത് ഈ ഒരു ഫോട്ടോഷൂട്ടിനിടെയാണ്. പിന്നെ അങ്ങോട്ട് കുറെ പരിപാടികള്‍ ചെയ്തു. എറണാകുളം വന്നാല്‍ ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്തു...എന്തും ഓപ്പണ്‍ ആയി പറയാന്‍ പറ്റുന്ന ഷെയര്‍ ചെയ്യാന്‍ പറ്റുന്ന കൂട്ടുകാരില്‍ ഒരാളായി. എന്നിട്ടും നീ ഒന്നും ഷെയര്‍ ചെയ്തിരുന്നില്ല എന്ന് ഇപ്പോളാണ് മനസ്സിലായത്. ആരോടെങ്കിലും ആ മനസ്സ് തുറന്നു െസംസാരിച്ചിരുന്നെങ്കില്‍ ആ വിഷമം ഒന്ന് മാറുവായിരുന്നില്ലെ....നിന്റെ പൊന്നുമോളെ ഒന്ന് ഓര്‍ക്കായിരുന്നില്ലെ..ബോള്‍ഡും പ്രാക്ടിക്കലും ആയിട്ടുള്ള നീ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ലെടാ...'സോണിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലെ മുറിയില്‍ തിങ്കളാഴ്ച്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീ എന്ന സീരിയലിലൂടെയായിരുന്നു രഞ്ജുഷ മേനോന്റെ ടെലിവിഷന്‍ അരങ്ങേറ്റം. വരന്‍ ഡോക്ടറാണ്, ആനന്ദരാഗം തുടങ്ങിയ ഒട്ടേറെ സീരിയലുകളില്‍ അഭിനയിച്ചു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.