
പെരിയാട്ടടുക്കം (കാസർകോട്): അഞ്ചുപവനും 3000 രൂപയും മോഷണംപോയ വീടിന്റെ 200 മീറ്ററോളം അകലെയുള്ള വീട്ടിലെ ആൾ തൂങ്ങിമരിച്ചു. പനയാൽ മുതുവത്ത് തൊട്ടിയിൽ കെ.ആർ. ബാലകൃഷ്ണൻ (63) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തൂങ്ങിമരിച്ചത്. മരണവും മോഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബേക്കൽ പോലീസ്.
സംഭവങ്ങളുടെ തുടക്കം വ്യാഴാഴ്ച പുലർച്ചെ
പെരിയാട്ടുക്കം നീരാറ്റിലെ പി. ധന്യയുടെ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച അഞ്ചുപവൻ ആഭരണങ്ങളും 3000 രൂപയും മോഷണം പോയിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5.15-ന് വീട് പൂട്ടി താക്കോൽ മീറ്റർബോക്സിനുള്ളിൽവെച്ചശേഷം ധന്യ പ്രഭാതനടത്തത്തിന് പോയിരുന്നു. 6.05-ന് തിരികെവരുകയും ചെയ്തു. ഇതിനുള്ളിൽ താക്കോലെടുത്ത് കതക് തുറന്ന് അകത്ത് കയറിയയാൾ രണ്ടുപവന്റെ വള, മൂന്നുപവന്റെ കൈച്ചെയിൻ, 3000 രൂപ എന്നിവ മോഷ്ടിച്ചു.
ധന്യയുടെ പരാതിയിൽ ബേക്കൽ പോലീസ്, വിരലടയാളവിദഗ്ധർ, ഫൊറൻസിക് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി. അതിനിടെ പോലീസ് നായ മണംപിടിച്ച് ചുറ്റുവട്ടത്തെ പറമ്പുകളിലൂടെ ഓടിയിരുന്നു. കെ.ആർ. ബാലകൃഷ്ണന്റെ വളപ്പിലും പോലീസ് നായ കയറിയെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുത്തിരുന്നു. പരാതിക്കാരി സംശയം പറഞ്ഞവരുടെ കൂട്ടത്തിൽ ബാലകൃഷ്ണന്റെ പേരുമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉച്ചയോടെ പോലീസ് സംഘം വീണ്ടും പരാതിക്കാരിയുടെ വീട്ടിലെത്തി. ബാലകൃഷ്ണന്റെ മകനോട് വിശദമായ മൊഴിനൽകാൻ അച്ഛനോട് സ്റ്റേഷനിൽ വരണമെന്നും പറഞ്ഞേൽപ്പിച്ചിരുന്നു. ഇതിന് പിന്നലെ ബാലകൃഷ്ണനെ വീടിനടുത്തുള്ള മരത്തിൽ തൂങ്ങിയനിലയിൽ കണ്ടതായി സ്ഥലത്തുണ്ടായിരുന്ന അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവർതന്നെയാണ് കെട്ട് അറുത്ത് താഴെയിറക്കി പോലീസ് വാഹനത്തിൽ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ കാസർകോട്ടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വീരാജ്പേട്ടയിലെ രാമൻ നായരുടെയും കല്യാണിയുടെയും മകനാണ് മരിച്ച ബാലകൃഷ്ണൻ. ഭാര്യ: എ. രാധ. മകൻ: അൻഷിത്.
വിശദമായി അന്വേഷണം നടക്കുകയാണെന്ന് ബേക്കൽ ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പറഞ്ഞു. പരാതിക്കാരി സംശയം പറഞ്ഞവരെയെല്ലാം വിശദമായ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് ബാലകൃഷ്ണനോടും മൊഴി ആവശ്യപ്പെട്ടിരുന്നതെന്നും ഇൻസ്പെക്ടർ പറഞ്ഞു.
Content Highlights: Five sovereigns of gold and Rs 3,000 stolen from a house in Periyadukkam, Kasargod., A 63-year-old neighbor, K.R. Balakrishnan, was found death., Police were investigating a potential link between the theft and the suicide., Bekal police have initiated a detailed probe and are recording statements.
Published: 20 Nov 2026, 09:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented