
നടി സ്‌നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് സ്‌നേഹയെ ബോഡിഷെയ്മിങ് ചെയ്തും കുടുംബത്തെ അധിക്ഷേപിച്ചും സത്യഭാമ സംസാരിക്കുന്നത്. നേരത്തെ നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയിരുന്നു. തുടർന്ന് സത്യഭാമയെ വിമർശിച്ച് സ്‌നേഹ രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സത്യഭാമ ഫെയ്‌സ്ബുക്കിൽ പുതിയ വീഡിയോ പങ്കുവെച്ചത്.
'പിണ്ഡോദരി മോളോ' എന്ന് സനേഹയെ വിശേഷിപ്പിച്ച സത്യഭാമ സ്‌നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽ ഉൾപ്പെട്ടതിനെ പരിഹസിക്കുകയും ചെയ്യുന്നു. പൊതുവേദിയിൽവെച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്നത് കഞ്ഞി കുടിച്ച് ജീവിക്കാനാണെന്നും സത്യഭാമ പറയുന്നു. സ്‌നേഹയുടേയും ശ്രീകുമാറിന്റേയും പേരുകൾ പരാമർശിക്കുന്നില്ലെങ്കിലും വീഡിയോയിൽ സ്‌നേഹയുടെ ചിത്രം സത്യഭാമ പങ്കുവെച്ചിട്ടുണ്ട്.
'പിണ്ഡോദരി മോളേ നിന്നെ ഏതേലും പൊതുവേദിയിൽവെച്ച് ഞാൻ കാണും. അന്ന് നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീയിട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. തത്ക്കാലം ഇതിരിക്കട്ടെ.'-വീഡിയോയിൽ സത്യഭാമ പറയുന്നു.
'കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. അവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്കറിയില്ല. ഒരു ടെലിവിഷൻ പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണ്. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി. ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കുമോ എന്ന്. എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ എന്താടീ എനിക്ക് കളിക്കാൻ പറ്റാത്തത്? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനനക്ക് ഡാൻസ് ഇന്റർവ്യൂവിന് ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ടിപ്പോ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്. ആദ്യം നീ പഠിച്ച തൊഴിൽ നീ ചെയ്യുന്നുണ്ടോ. അത് ആദ്യം നീ ചെയ്യ്. എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ.' -വീഡിയോയിൽ സത്യഭാമ പറയുന്നു.
Content Highlights: sathyabhama and sneha sreekumar controversy
Published: 06 Jan 2026, 12:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented