ന്യൂഡല്‍ഹി: അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ മൂല്യമുള്ള സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം വലിയ കുടുംബ കലഹത്തിനാണ് വഴിവെച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടക്കുന്നതിനിടെ കപൂര്‍ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ പ്രസ്താവനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സഞ്ജയുടെ ഭാര്യ പ്രിയ സച്ച്‌ദേവ് കപൂറുമായുള്ള ബന്ധം വഷളായതിനെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യഭാര്യ കരിഷ്മ കപൂറുമായുള്ള നല്ല ബന്ധത്തെകുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജയുടെ സഹോദരി മന്ദിര കപൂര്‍ സ്മിത്ത്.

To advertise here,

താന്‍ എല്ലായിപ്പോഴും കരിഷ്മയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് നിന്നിട്ടുള്ളതെന്ന് മന്ദിര വ്യക്തമാക്കുന്നു. പ്രിയ സച്ച്‌ദേവ് തന്നെ ഒറ്റപ്പെടുത്തിയെന്നും കരിഷ്മ തന്റെ നല്ല സുഹൃത്താണെന്നും മന്ദിര എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ മരുമക്കളായ സമൈറയെയും കിയാനെയും കരിഷ്മ വളര്‍ത്തിയ രീതിയില്‍ എനിക്കേറെ അഭിമാനമുണ്ട്. അവരോട് സംസാരിക്കുമ്പോഴെല്ലാം അവര്‍ അവരുടെ കാര്യങ്ങള്‍ പറയുകയും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് പറയാറുമുണ്ട്. എനിക്കേറെ അഭിമാനമുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രിയ സച്ച്‌ദേവിന്റെ മകന്‍ അസരിയാസില്‍ നിന്ന് ഞാന്‍ അകറ്റി നിര്‍ത്തപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.  

കോടതിയുടെ തീരുമാനം കുടുംബത്തിന് കുറച്ച് വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ അത് കൂടുതല്‍ സുതാര്യതയുണ്ടാക്കുമെന്നാണ് കരുതുന്നതെന്നും മന്ദിര പറഞ്ഞു. 

സമൈറയെയും കിയാനെയും ഒഴിവാക്കിയുള്ള വില്‍പത്രത്തിന്റെ ആധികാരികത മന്ദിര ചോദ്യം ചെയ്യുന്നു. ഏറെ കാലമായി നീണ്ടുനില്‍ക്കുന്ന കുടുംബവഴക്ക് പരിഹരിക്കാന്‍ ഇക്കാര്യത്തില്‍ പൂര്‍ണമായ സുതാര്യത ആവശ്യമാണ്. അതുവരെ ഈ വിഷയം പരിഹരിക്കപ്പെടില്ല.

സഞ്ജയ് കപൂറിന്റെ സ്വത്തുക്കളുടെ അനന്തരാവകാശ തര്‍ക്കം ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലാണ്. സ്വത്തുക്കളുടെ പൂര്‍ണമായ അവകാശം പ്രിയ സച്ച്‌ദേവിന് മാത്രം നല്‍കിയുള്ള വില്‍പത്രത്തെ ചോദ്യം ചെയ്ത് സഞ്ജയ്ക്ക് കരിഷ്മയിലുണ്ടായ കുട്ടികള്‍ സമൈറയും കിയാനുമാണ് നിയമനടപടി ആരംഭിച്ചത്. വില്‍പത്രം കെട്ടിച്ചമച്ചതാണെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നു. 

നേരത്തെ സഞ്ജയുടെ അമ്മ റാണി കപൂറും സമാനമായ ആശങ്കകള്‍ ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇപ്പോള്‍ മന്ദിരയും വിഷയത്തില്‍ കരിഷ്മയ്ക്കും മക്കള്‍ക്കും പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ്. 

അതേസമയം കേസില്‍ സഞ്ജയുടെ മുഴുവന്‍ സ്വത്തുക്കളുടേയും രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രിയ സച്ച്‌ദേവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ ഒമ്പതിനാണ് അടുത്ത വാദം കേള്‍ക്കല്‍.