മുന്‍ഭര്‍ത്താവ് നാഗചൈതന്യക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയതായി നടി സാമന്ത. 'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന സീരിസിന്റെ പ്രോമോഷന്‍ പരിപാടിയില്‍ സഹതാരം വരുണ്‍ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നാ​ഗചൈതന്യയെ കുത്തി ആരാധകർ രം​ഗത്ത് എത്തി. 

To advertise here,

'ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി കൂടുതല്‍ പണം ചെലവഴിച്ചത് എന്തിനു വേണ്ടിയായിരുന്നു' എന്നായിരുന്നു വരുണ്‍ ധവാന്റെ ചോദ്യം. ഇതിന് 'എന്റെ എക്‌സിന് നല്‍കിയ വിലയേറിയ പാരിതോഷികങ്ങള്‍' എന്നാണ് സാമന്ത പറഞ്ഞത്. എത്ര പണമാണ് ചെലവാക്കിയത് എന്നാണ് വരുണ്‍ തുടര്‍ന്ന് ചോദിച്ചത്. എന്നാല്‍ ചിരിച്ചു കൊണ്ട് 'കുറച്ചധികം' എന്നാണ് താരം മറുപടി പറഞ്ഞത്.  

സാമന്തയുടെയും വരുണിന്റെയും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഡിയോയ്ക്കു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. വിവാഹ സമയത്ത് സാമന്ത വിലകൂടിയ ഒരു ബൈക്ക് നാഗചൈതന്യയ്ക്കു സമ്മാനമായി നല്‍കിയെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. സാമന്ത കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

2017-ലാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുന്നത്. എന്നാല്‍ 2021-ല്‍ താരദമ്പതികള്‍ വേര്‍പിരിഞ്ഞു. നടി ശോഭിത ധുലിപാലയെയാണ് നാഗചൈതന്യ വിവാഹം കഴിക്കുന്നത്. അടുത്തമാസമാണ് ഇരുവരുടേയും വിവാഹം.