4,000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന നിതേഷ് തിവാരിയുടെ 'രാമായണ: പാർട്ട് വണ്ണിന്റെ പ്രചാരണപരിപാടിയിൽ തിളങ്ങി ചിത്രത്തിലെ നായികയായ സായി പല്ലവി. ഡൽഹിയിൽ നടന്ന ചടങ്ങിൽ പിങ്ക്-ഗോൾഡ് കാഞ്ചീവരം സാരിയും ടെമ്പിൾ ജ്വല്ലറിയും ധരിച്ചെത്തിയ സായി പല്ലവിയുടെ ഡിവൈൻ ലുക്കിന് വലിയ ആരാധകശ്രദ്ധയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് അണിയറപ്രവർത്തകരും അഭിനേതാക്കളും സംസാരിച്ചു.രാമായണത്തിൽ സീതയായി വേഷമിടുന്ന സായ് പല്ലവി, ഡൽഹിയിൽ നടന്ന ചടങ്ങിൽ സഹതാരങ്ങൾക്കൊപ്പം അതീവ സുന്ദരിയായി കാണപ്പെട്ടു.

To advertise here,

പിങ്ക്-ആൻഡ്-ഗോൾഡ് കാഞ്ചീവരം സാരി മനോഹരമായ സറി വർക്കുകളാൽ സമ്പന്നമായിരുന്നു. ബോർഡറിന്റെ പിങ്ക് നിറവും അതിന്റെ ഭംഗികൂട്ടി. അതിനൊപ്പമുള്ള ബൗസും പിങ്ക് നിറത്തിലായിരുന്നു, അതിലും സ്വർണ്ണ സറി വർക്കുകൾ ചെയ്തിട്ടുണ്ട്. ലളിതവും എന്നാൽ മനോഹരവുമായ ലുക്ക് നിലനിർത്താൻ സാരിയുടെ പിങ്ക് നിറത്തിന് അനുയോജ്യമായ പിങ്ക് രത്‌നങ്ങൾ പതിപ്പിച്ച ടെമ്പിൾ ജ്വല്ലറിയാണ് താരം അണിഞ്ഞിരുന്നത്. വലതുകൈയിൽ സ്വർണവളകളും ഇടതുകൈയിൽ സാരിയുടെ പല്ലുവിനുള്ളിൽ മറഞ്ഞിരിക്കുന്ന രീതിയിൽ ഒരു ജപമാലയും അവർ ധരിച്ചിരുന്നു. മിനിമൽ മേക്കപ്പാണ് സായി പല്ലവി തിരഞ്ഞെടുത്തിരുന്നത്.

ചിത്രത്തിൽ സീതാദേവിയായി എത്തുന്നതിനായി മുൻപ് താൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും താരം ചടങ്ങിൽ മനസ്സ് തുറന്നു. കഴിഞ്ഞ മൂന്ന് വർഷമായി സീതയുടെ വേഷത്തിനായി താൻ നടത്തിയ ആത്മീയവും മാനസികവുമായ യാത്രയെക്കുറിച്ച് താരം വിശദീകരിച്ചു. 'അഭിനേതാക്കൾക്ക് ഇതുപോലുള്ള വേഷങ്ങൾ ലഭിക്കുന്നത് എളുപ്പമല്ല. കാരണം ഒരു ദേവിയെ അവതരിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനെ ഏറ്റവും മികച്ച പതിപ്പാക്കി മാറ്റാൻ തങ്ങളുടെ ഹൃദയവും ആത്മാവും നൽകുന്ന ഒരു ടീം ഉണ്ടായിരിക്കണം. രാമായണത്തിൽ സീതയുടെ വേഷം ചെയ്യാൻ താൻ ഒരിക്കലും പദ്ധതിയിടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ അവസരം തനിക്ക് ലഭിച്ചത് ഒരു അനുഗ്രഹമായാണ് താൻ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.

ഷൂട്ടിംഗിന് മുൻപ് താൻ പതിവായി ധ്യാനിക്കാറുണ്ടായിരുന്നുവെന്നും തന്റെ ചിന്തകൾ അത്രമേൽ ശുദ്ധമായി സൂക്ഷിക്കാൻ ശ്രമിച്ചതായും സായ് പല്ലവി പറഞ്ഞു. 'സീത മായെ അവതരിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടതാണ്. ഇത് നിങ്ങൾക്ക് പിന്നാലെ പോയി നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല, അല്ലെങ്കിൽ 'ഇങ്ങനെയൊക്കെയാണ് എനിക്ക് ഇത് അവതരിപ്പിക്കേണ്ടത്' എന്ന് എഴുതിവെക്കാൻ കഴിയുന്ന ഒന്നുമല്ല. ഞാൻ ഇരുന്ന് ധ്യാനിക്കുകയും, 'സീതാ മാ, അവിടുന്ന് എന്നിലൂടെ അഭിനയിക്കൂ. എന്നിലൂടെ പുറത്തുവരുന്നത് എന്താണോ, അത് ഈ സിനിമയ്ക്ക് വേണ്ടി അവിടുന്ന് ആഗ്രഹിക്കുന്നതായിരിക്കട്ടെ' എന്ന് പ്രാർഥിക്കുകയും ചെയ്യുമായിരുന്നുവെന്നും ചടങ്ങിൽ സായ് പല്ലവി പറഞ്ഞു. സായ് പല്ലവി സീതയായി അഭിനയിക്കുമ്പോൾ, രൺബീർ കപൂറും യാഷും യഥാക്രമം ശ്രീരാമന്റെയും രാവണന്റെയും വേഷങ്ങളിൽ സ്‌ക്രീനിലെത്തും.