'രാമായണം' ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമാ വിരുന്നായി മാറ്റാനുള്ള ശ്രമങ്ങളിലാണ് ഇതിന്റെ അണിയറപ്രവർത്തകർ. ഇതിന്റെ ഭാഗമായി സോണി പിക്ചേഴ്സ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ ചിത്രത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ട്രെയിലറും റിലീസ് തീയതിയും പുറത്തുവിട്ടിരുന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇന്ത്യയിലുള്ള സിനിമാപ്രേമികൾക്ക് ഈ ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ അല്പം കൂടുതൽ സമയം കാത്തിരിക്കേണ്ടിവരും. കാരണം, ഇന്ത്യയിലെ റിലീസിന് രണ്ട് ദിവസം മുൻപ് തന്നെ ചിത്രം വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയാണ് റിലീസ് വ്യത്യാസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിൽ 'രാമായണം' 2026 നവംബർ 6-ന് റിലീസ് ചെയ്യുമ്പോൾ, ഇന്ത്യയിൽ ചിത്രം ദീപാവലി പ്രമാണിച്ച് നവംബർ 8-നാണ് തീയേറ്ററുകളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. "അന്താരാഷ്ട്ര വിതരണ രീതികൾ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബർ 6 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബർ 8-ന് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്". നമിത് മൽഹോത്ര എൻഡിടിവിയോട് പ്രതികരിച്ചു.
'രാമായണം' ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമാ വിരുന്നായി മാറ്റാനുള്ള ശ്രമങ്ങളിലാണ് ഇതിന്റെ അണിയറപ്രവർത്തകർ. ഇതിന്റെ ഭാഗമായി സോണി പിക്ചേഴ്സ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിലൂടെ ചിത്രത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ട്രെയിലറും റിലീസ് തീയതിയും പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രെയിലർ 100 കോടിയിലധികം (ഒരു ബില്യൺ) കാഴ്ചക്കാരെ നേടി പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് മൽഹോത്ര വ്യക്തമാക്കി.
ചിത്രത്തിന് ഓസ്കാർ ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഓസ്കാർ പുരസ്കാരം നേടുകയെന്നത് ഈ പ്രോജക്ടിന് പിന്നിലെ പ്രാഥമിക ലക്ഷ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, ലോകത്തെ ഏറ്റവും മികച്ച സർഗാത്മക പ്രതിഭകളെ വിലയിരുത്തുന്ന ഒരു പ്രമുഖ വേദിയായ അക്കാദമിയിൽ നമ്മുടെ രാജ്യത്തിന്റെ ഈ സൃഷ്ടി ആഘോഷിക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനകരമായ ഒരു നിമിഷമായിരിക്കുമെന്നും നമിത് മൽഹോത്ര കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ഇവരെ കൂടാതെ ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും, മണ്ഡോദരിയായി കാജൽ അഗർവാളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: Producer Namit Malhotra clarified that Nitesh Tiwari’s epic film Ramayana, starring Ranbir Kapoor, Sai Pallavi, and Yash, will release internationally on November 6, 2026, two days before its India release targeting Diwali on November 8.
Published: 08 Aug 2026, 03:36 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented