'എപ്പോഴും എന്റെ കൂടെ നില്‍ക്കുന്നവള്‍'-കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാര്യ റിതിക സജ്‌ദേഹിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയപ്പോള്‍ ആരാധകരുടെ നിരാശയ്‌ക്കൊപ്പം തന്റെ നിലപാടും വ്യക്തമാക്കിയവളാണ് റിതിക. 

To advertise here,

രോഹിതിനെ മാറ്റിയ നടപടിയെ ന്യായീകരിച്ച പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുടെ അഭിമുഖത്തിന് താഴെ അവര്‍ പരസ്യമായി തന്റെ പ്രതികരണം അറിയിച്ചു. രോഹിതിന്റെ ബാറ്റിങ്ങില്‍ ടീമിന് ആശങ്കയുണ്ടെന്നും അതിനാലാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റുന്നത് എന്നുമായിരുന്നു ബൗച്ചര്‍ പോഡ്കാസ്റ്റ് ഷോയില്‍ പറഞ്ഞത്. 'ഇതില്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്' എന്നായിരുന്നു റിതിക പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഇതോടെ ആ പോസ്റ്റ് തന്നെ മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് രോഹിത് റിതികയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'കൂടെ നില്‍ക്കുന്നവള്‍' എന്ന് വിശേഷിപ്പിച്ചത്. 

ഇപ്പോഴിതാ ബാര്‍ബഡോസില്‍ ഇന്ത്യ കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം സ്വന്തമാക്കിയപ്പോഴും ക്യാപ്റ്റന്‍ രോഹിതിന് അരികില്‍ സന്തോഷക്കണ്ണീരോടെ റിതികയുണ്ടായിരുന്നു. വിജയത്തിന് പിന്നാലെ ഡഗ്ഔട്ടിലെത്തിയ റിതികയെ കെട്ടിപ്പിടിച്ചാണ് രോഹിത് ആശ്വസിപ്പിച്ചത്. അത്രയും വികാരനിര്‍ഭരയായിരുന്നു റിതിക. ഒരുപാട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കണ്ണീരാണ് അവരുടെ കണ്ണുകളില്‍ കണ്ടത്. 16 വര്‍ഷമായി രോഹിതിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും അവരുണ്ടായിരുന്നു. അത്രയുംകാലം രോഹിതിന്റെ സുഹൃത്തായും മാനേജറായും കാമുകിയായും ഭാര്യയായും റിതിക കൂടെനിന്നു. 

2008-ല്‍ ഒരു പരസ്യ ചിത്രീകരണത്തിനിടയിലായിരുന്നു രോഹിതും റിതികയും കണ്ടുമുട്ടുന്നത്. അന്ന് സ്‌പോര്‍ട്‌സ് ഇവന്റ് മാനേജറായിരുന്നു അവര്‍. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് ആലോചിച്ചത് 2015-ലാണ്. രോഹിത് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ട മുംബൈയിലെ ബോളിവാലി സ്‌പോര്‍ട്‌സ് ക്ലബ്ലില്‍വെച്ചായിരുന്നു പ്രൊപ്പോസല്‍. അതേവര്‍ഷം ഡിസംബര്‍ 13-ന് മുംബൈയിലെ താജ് ഹോട്ടലില്‍ ഇരുവരുടേയും വിവാഹം നടന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരുടേയും ജീവിതത്തിലേക്ക് ഒരു അതിഥി കൂടിയെത്തി. ഡിസംബര്‍ 30ന് ജനിച്ച മകളുടെ പേര് സമൈറ എന്നാണ്. 

വിവാഹത്തിനുശേഷം രോഹിത് കളിക്കുന്ന മത്സരങ്ങളിലെല്ലാം റിതിക ഗാലറിയിലെ സാന്നിധ്യമായിരുന്നു. ഗ്രൗണ്ടിലുള്ള ഭര്‍ത്താവിനേക്കാള്‍ ടെന്‍ഷനായിരുന്നു അവര്‍ക്ക്. രോഹിത് ക്രീസ് വിടുന്നതുവരെ തന്റെ രണ്ട് കൈയിലേയും വിരലുകള്‍ അവര്‍ കോര്‍ത്തുപിടിച്ചിട്ടുണ്ടാകും. നാഗ്പുരില്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ രോഹിത് സെഞ്ചുറി അടിച്ചപ്പോള്‍ റിതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച അഭിനന്ദന കുറിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു. 'ലവ് യു രോഹിത്, എനിക്ക് പുതിയ വിരലുകള്‍ അയക്കൂ' എന്നായിരുന്നു അവര്‍ കുറിച്ചത്. ഒരുപാട് ഓവറുകള്‍ രോഹിത് ക്രീസില്‍ നിന്നതിനാല്‍ റിതികയുടെ വിരലുകള്‍ മരവിച്ചുപോയിരുന്നു. 

2014-ല്‍ ശ്രീലങ്കയ്ക്കെതിരേ ഏകദിനത്തില്‍ രോഹിത് 173 പന്തില്‍ 264 റണ്‍സ് നേടിയപ്പോള്‍ റിതിക ഗാലറിയില്‍ ഇല്ലാതിരുന്നത് വലിയ ആശ്വാസമായിരുന്നെന്ന് തമാശരൂപത്തില്‍ ഒരു അഭിമുഖത്തില്‍ രോഹിത് പറഞ്ഞിട്ടുണ്ട്. അന്ന് ഉണ്ടായിരുന്നെങ്കില്‍ അവളുടെ വിരലുകള്‍ കെട്ടുപിണഞ്ഞ അവസ്ഥയിലായിരിക്കും പിന്നീട് ഉണ്ടാകുക എന്നതായിരുന്നു ഇതിന് രോഹിത് പറഞ്ഞ കാരണം. 

2017ല്‍ മൊഹാലി സ്റ്റേഡിയത്തില്‍ ഏകദിന കരിയറില്‍ മൂന്നാമത്തെ ഇരട്ട സെഞ്ചുറി രോഹിത് കണ്ടെത്തിയപ്പോള്‍ അതിന് സാക്ഷിയായി റിതിക ഗാലറിയിലുണ്ടായിരുന്നു. റിതികയ്ക്ക് നേരെ ക്യാമറ തിരിച്ചപ്പോള്‍ കണ്ടത് അവര്‍ കണ്ണീരൊപ്പുന്നതായിരുന്നു. അന്ന് അവര്‍ കരഞ്ഞതിന് പിന്നിലുള്ള കാരണം രോഹിത് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'അത് സ്പെഷ്യല്‍ ഇന്നിങ്സായിരുന്നു. എന്റെ ഭാര്യയ്ക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച വിവാഹ വാര്‍ഷിക സമ്മാനം. അന്ന് അവള്‍ കണ്ണീരണിഞ്ഞു. 196 റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ റണ്‍ ഔട്ട് ആകാതിരിക്കാന്‍ ഞാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്തിരുന്നു. എന്റെ കൈയ്ക്ക് എന്തോ പരിക്ക് പറ്റിയിട്ടുണ്ട് എന്ന് അവള്‍ ഭയപ്പെട്ടിരുന്നു. ഞാന്‍ ഇരട്ട സെഞ്ചുറി നേടിയിട്ടും അവള്‍ കരഞ്ഞതിന്റെ കാരണം അതായിരുന്നു.'  രോഹിത്തിനോടുള്ള റിതികയുടെ സ്നേഹത്തിന്റെ ആഴം ഈ വാക്കുകളില്‍ തന്നെ വ്യക്തമാണ്.