ഋഷി കപൂറുമായുള്ള രസകരമായ ഓര്‍മ പങ്കുവെച്ച് നടന്‍ വീര്‍ ദാസ്. ഒരു വിമാനയാത്രയ്ക്കിടയില്‍ ഋഷി കപൂറിനേയും ഭാര്യയും നടിയുമായ നീതു കപൂറിനേയും കണ്ടുമുട്ടിയതിനെ കുറിച്ചും കേക്ക് കഴിക്കാന്‍വേണ്ടി നീതുവിനോട് ഋഷി വാശി പിടിച്ചതിനെ കുറിച്ചുമാണ് വീര്‍ ദാസ് അഭിമുഖത്തില്‍ പറഞ്ഞത്. സാക്ഷി ശിവ്ദാസാനിയും നൈന ഭാനും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'മൊമന്റ് ഓഫ് സൈലന്‍സ്' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു വീര്‍ ദാസ്.

To advertise here,

'ഞാന്‍ വിമാനത്തിലെ പിന്‍സീറ്റിലായിരുന്നു. മുന്‍വശത്തുള്ള ബിസിനസ് ക്ലാസില്‍ ദമ്പതികള്‍ക്കിടയില്‍ ചില തര്‍ക്കങ്ങള്‍ നടക്കുന്നത് ഞാന്‍ കേട്ടു. 'നിങ്ങള്‍ക്ക് കേക്ക് കഴിക്കാന്‍ പറ്റില്ല' എന്ന് ഭാര്യ പറയുന്നതും അതിന് മറുപടിയായി, 'എനിക്ക് കേക്ക് കഴിക്കണം.' എന്ന് ഭര്‍ത്താവ് പറയുന്നതും കേട്ടു. 'നിങ്ങള്‍ക്ക് കേക്ക് കഴിക്കാന്‍ അനുവാദമില്ല. ഡോക്ടര്‍ കേക്ക് പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്' എന്ന് വീണ്ടും ഭാര്യ പറയുന്നുണ്ട്. 'എനിക്ക് ആ കേക്ക് വേണം. എന്തൊരു കഷ്ടമാണിത്?' എന്ന് ചോദിച്ച് ആ ഭര്‍ത്താവ് എഴുന്നേറ്റു നിന്നു. അത് ഋഷി കപൂറായിരുന്നു. 

ഋഷി എന്നെ കണ്ടതും  എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് തന്റെ കൂടെ സിനിമയില്‍ വന്നവരുടെ ലിസ്റ്റ് അദ്ദേഹം എന്നോട് പറഞ്ഞു. ഈ കഥ പറയുന്നതിനിടയില്‍ എന്റെ കേക്ക് ചൂണ്ടിക്കാട്ടിയിട്ട് 'നീ നിന്റെ കേക്ക് കഴിക്കുന്നുണ്ടോ?' എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഋഷി കപൂര്‍ എന്റെ കേക്ക് കഴിച്ചു.' - വിര്‍ ദാസ് പറയുന്നു. 

1980-ലാണ് ഋഷിയും നീതുവും വിവാഹിതരാകുന്നത്. രണ്‍ബീര്‍ കപൂറും റിധിമ കപൂറുമാണ് മക്കള്‍. അച്ഛന്റേയും അമ്മയുടേയും വഴിയേ രണ്‍ബീറും ബോളിവുഡില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ നടനാണ്. അര്‍ബുദത്തോട് പോരാടി 2020 ഏപ്രിലിലാണ് ഋഷി കപൂര്‍ അന്തരിച്ചത്.