ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെത്തുടർന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി റിയ ചക്രവർത്തി. താനും കുടുംബവും കടുത്ത സാമൂഹിക വേട്ടയാടലുകളാണ് നേരിട്ടതെന്ന് അവർ പറഞ്ഞു. സംവിധായിക ഫറാ ഖാന്റെ പുതിയ വ്‌ളോഗിൽ സംസാരിക്കുകയായിരുന്നു അവർ. സുശാന്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ലഹരിമരുന്ന് കേസിൽ റിയ അറസ്റ്റിലായിരുന്നു. അവർക്കൊപ്പം സഹോദരൻ ഷോവിക്കും അറസ്റ്റിലായി. ഈ സംഭവവികാസങ്ങളെ തുടർന്ന് കുടുംബസമേതം സമൂഹത്തിൽ നിന്ന് ക്യാൻസൽ ചെയ്യപ്പെടുകയായിരുന്നുവെന്ന് റിയ പറയുന്നു.

To advertise here,

ഫറയോട് സംസാരിക്കുന്നതിനിടയിലാണ് സഹോദരനുമായി ചേർന്ന് ചാപ്റ്റർ 2 ആരംഭിച്ചതിനെ കുറിച്ച് റിയ വിശദമാക്കുന്നത്. ഐ.ഐ.എം പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി സീറ്റ് ഉറപ്പിച്ചിരുന്ന റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്ക് ആ പഠനാവസരം ഉപേക്ഷിക്കേണ്ടി വന്നു. കേസിൽ പെട്ടതിനെത്തുടർന്നും തുടർന്നുണ്ടായ മാധ്യമവിചാരണ കാരണവുമാണ് ഉന്നതവിദ്യാഭ്യാസം നടക്കാതെ പോയത്. 'ഒരുപാട് ബുദ്ധിമുട്ടിയാണ് കാര്യങ്ങൾ ശരിയായി വന്നത്. 2020ലാണ് അത് സംഭവിക്കുന്നത്. അവനും എന്നോടൊപ്പം അറസ്റ്റിലായി. അവന് ഐ.ഐ.എമ്മിൽ പ്രവേശനം ലഭിക്കുകയും ഞങ്ങൾ ഫീസ് അടയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ അത് നടന്നില്ല,ആ സമയം നഷ്ടപ്പെട്ടു. പിന്നീട് ഞങ്ങൾ പുറത്തിറങ്ങി, പക്ഷെ ചെയ്യാൻ ജോലിയൊന്നും ഉണ്ടായിരുന്നില്ല.'' റിയ പറയുന്നു.

കോർപറേറ്റ് മേഖലയിൽ അവസരങ്ങൾ തേടി ഷോവിക്ക് അലയുമ്പോൾ താൻ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നുവെന്ന് അവർ ഓർക്കുന്നു. 'ഞങ്ങൾ വീട്ടിലിരിക്കുമായിരുന്നു. സമൂഹത്തിൽ നിന്ന് ഞങ്ങൾ പൂർണ്ണമായും ബഹിഷ്‌കരിക്കപ്പെട്ടിരുന്നു. സിനിമകളൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. ഷോവിക്കിന് ജോലികൾ പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. ഒരു കോർപ്പറേറ്റ് സ്ഥാപനവും അവനെ ജോലിക്ക് എടുക്കാൻ തയ്യാറായിരുന്നില്ല.' റിയ പറഞ്ഞു. മുൻ കരസേനാ ഉദ്യോഗസ്ഥനും ഡോക്ടറുമായ റിയയുടെ പിതാവിന് ഒരു സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം അദ്ദേഹത്തോട് ജോലിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. പലപ്പോഴും വീടിന് മുന്നിൽ മാധ്യമങ്ങളും ജനക്കൂട്ടവും തടിച്ചുകൂടി. ദൈനംദിന ജീവിതം സ്തംഭിക്കപ്പെട്ടു. പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും റിയ പറയുന്നുണ്ട്.

2020 ജൂണിലാണ് മുംബൈയിലെ അപ്പാർട്ട്‌മെന്റിൽ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സുശാന്തിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സുശാന്ത് ജീവനൊടുക്കാൻ കാരണം റിയയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. ഇതോടെ കേസിൽ റിയ ഉൾപ്പെടുകയായിരുന്നു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയത് റിയയും സഹോദരനുമാണ് എന്ന പരാതിയെ തുടർന്നാണ് റിയയും സഹോദരനും അറസ്റ്റിലാകുന്നത്. പിന്നീട് കേസിൽ സിബിഐ റിയയക്ക് ക്ലീൻ ചിറ്റ് നൽകിയെങ്കിലും കടന്നുപോയ മാനസികാഘാതങ്ങളിൽ നിന്ന് പുറത്തുവരാൻ റിയ ഒരുപാട് സമയമെടുത്തു.