ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ അകപ്പെട്ട നടിയാണ് റിയ ചക്രവര്‍ത്തി. സുശാന്തിനുവേണ്ടി മയക്കുമരുന്ന് വാങ്ങി എന്ന കുറ്റം ആരോപിച്ച് മുൻകാമുകി കൂടിയായിരുന്ന റിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ബൈക്കുള ജയിലില്‍ കിടന്ന റിയ 2020 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

To advertise here,

അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയില്‍ ശിക്ഷയ്ക്കിടെ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ച് റിയ പറയുകയുണ്ടായി. അക്കാലത്ത് തന്റെ മാതാപിതാക്കളെ സംരക്ഷിച്ചതും അവര്‍ക്ക് ധൈര്യം പകര്‍ന്നതും സുഹൃത്തുക്കളാണെന്ന് റിയ പറയുന്നു. അച്ഛനോടൊപ്പം മദ്യപിച്ചും ഭക്ഷണം കഴിച്ചും വേദനകള്‍ മറക്കാന്‍ അവര്‍ സഹായിച്ചുവെന്നും റിയ ഹ്യൂമണ്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

'ഞാനും എന്റെ സഹോദരന്‍ സൗവികും ജയിലിലായിരുന്നു. വീട്ടില്‍ അച്ഛനും അമ്മയും ഒറ്റപ്പെടുകയും വേദനയില്‍ കഴിയുകയും ചെയ്തു. ആ സമയത്ത് എന്റെ സുഹൃത്തുക്കളാണ് സഹായത്തിനുണ്ടായിരുന്നത്. അവര്‍ എന്റെ അച്ഛനോടൊപ്പം എല്ലാ രാത്രികളിലും മദ്യപിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഞാന്‍ ജയിലില്‍ നിന്നിറങ്ങി വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരുടെ രൂപമെല്ലാം മാറിയിരുന്നു. അവരുടെയെല്ലാം ഭാരം കൂടിയിരുന്നു. 'ഞാന്‍ ജയിലിലായിരുന്നപ്പോള്‍ നിങ്ങള്‍ ഇവിടെ ഭക്ഷണം കഴിച്ച് ആസ്വദിക്കുകയായിരുന്നല്ലേ' എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. 'അങ്ങനെയൊന്നുമല്ല റിയാ, അങ്കിളും ആന്റിയും വളരെ വിഷമത്തിലാണ് കഴിഞ്ഞിരുന്നത്. അവരെ ഭക്ഷണം കഴിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുകയായിരുന്നു ഞങ്ങള്‍.' ഇതു കേട്ടപ്പോള്‍ അവരോട് ഒരുപാട് സ്നേഹം തോന്നി'- റിയ അഭിമുഖത്തില്‍ പറയുന്നു.

ആ പ്രതിസന്ധി ഘട്ടത്തില്‍ മുഴുവന്‍ സമയവും തന്റെ അടുത്ത കൂട്ടുകാരിയും നടിയുമായ ശിബാനി ദണ്ഡേക്കറാണ് കൂടെ നിന്നതെന്നും റിയ കൂട്ടിച്ചേര്‍ക്കുന്നു. 'എനിക്ക് ചുറ്റും ഒരു കൂട്ടം കൂട്ടുകാരികളുണ്ടായിരുന്നു. അവര്‍ എന്റെ കൂടെ നിന്നത് ആലോചിക്കുമ്പോള്‍ നമുക്ക് ജീവിതത്തില്‍ ഇനി മറ്റൊന്നും വേണ്ട എന്ന് തോന്നും. നിങ്ങള്‍ക്ക് ജീവിതത്തതില്‍ ആത്മാര്‍ഥതയുള്ള ഒരൊറ്റ സുഹൃത്ത് മതി. അത് തന്നെ ധാരാളമാണ്. അങ്ങനെയുള്ള എന്റെ സുഹൃത്ത് ശിബാനിയാണ്. ലോകം മുഴുവന്‍ എനിക്കെതിരെ നിന്നാലും ശിബാനിയെപ്പോലെ ഒരു സുഹൃത്ത് എന്റെ കൂടെയുണ്ടാകും എന്നത് നല്‍കിയ ആശ്വാസം ചെറുതല്ല. എനിക്ക് അത് മാത്രം മതി.'- റിയ വ്യക്തമാക്കുന്നു.

നിലവില്‍ മോഡലിങ്ങിലും സജീവമായ റിയ സഹോദരനോടൊപ്പം ഒരു ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങിയിട്ടുണ്ട്. ഈയിടെ റിയ തുടങ്ങിയ പോഡ്കാസ്റ്റ് ഷോയില്‍ സുസ്മിത സെന്നും ആമിര്‍ ഖാനും അതിഥികളായെത്തിയിരുന്നു.