സോഷ്യല്‍ മീഡിയയിലൂടെയും ഡേറ്റിങ് ആപ്പുകളിലൂടെയുമാണ് പുതുതലമുറയില്‍ പെട്ടവര്‍ കൂടുതലായും തങ്ങളുടെ പ്രണയത്തെ കണ്ടെത്തുന്നത്. അതിനായി തങ്ങളുടെ പ്രൊഫൈല്‍ തേച്ചുമിനുക്കി സുന്ദരമാക്കി അവര്‍ സൂക്ഷിക്കും. സ്വയം അത് ചെയ്യാന്‍ കഴിയില്ലെങ്കില്‍ സുഹൃത്തുക്കളുടേയോ ഏതെങ്കിലും എഐ ടൂളുകളുടേയോ സഹായത്തോടെയാണ് അത് ചെയ്യുക. കാരണം ഓഫ്ലൈനായാലും ഓണ്‍ലൈനായാലും പ്രണയത്തില്‍ ഫസ്റ്റ് ഇംപ്രഷന്‍ എന്നത് പ്രധാനമാണ്.
ആദ്യ ഇംപ്രഷനേക്കാള് പ്രധാനമാണ് മറുവശത്തുള്ളയാള്‍ക്ക് തന്നോട് യഥാര്‍ഥ പ്രണയമാണോ ഉള്ളതെന്ന് തിരിച്ചറിയുന്നത്. പ്രണയിച്ചാല്‍ മാത്രമേ അതറിയാന്‍ കഴിയൂ എങ്കിലും അതല്ലാതെ തന്നെ യഥാര്‍ഥ പ്രണയത്തെ കണ്ടെത്താന്‍ ജെന്‍ സി തലമുറയില്‍ പെട്ടവര്‍ക്ക് ചില ട്രിക്കുകളുണ്ട്. അതാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ്. എന്താണ് ഈ റിവേഴ്സ് ക്യാറ്റ്ഫിഷിങ്?
അതിന് മുമ്പായി എന്താണ് ക്യാറ്റ്ഫിഷിങ് എന്ന് നോക്കാം. സാമൂഹിക മാധ്യമങ്ങളിലോ ഡേറ്റിങ് ആപ്പുകളിലോ താന്‍ ആരാണെന്നത് മറച്ചുവെച്ച് വ്യാജ പ്രൊഫൈല്‍ അഥവാ ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിനെയാണ് ക്യാറ്റ്ഫിഷിങ് എന്ന് പറയുന്നത്. വ്യാജമായ പേര്, വ്യാജമായ ജോലി, ജീവിതത്തെ കുറിച്ച് വ്യാജമായ കാര്യങ്ങള്‍ എന്നിവയ്ക്കൊപ്പം മറ്റാരുടെയെങ്കിലും ചിത്രവും ഇവര്‍ ഉപയോഗിക്കുന്നു. ഇവര്‍ സൈബര്‍ ലോകത്തെ ആളുകളോട് വലിയ അടുപ്പം സൃഷ്ടിക്കും. പണം തട്ടല്‍, സൈബര്‍ അധിക്ഷേപം, ശ്രദ്ധ പിടിച്ചുപറ്റല്‍ എന്നിവയെല്ലാമാണ് ക്യാറ്റ്ഫിഷിങ് ചെയ്യുന്നവരുടെ പ്രധാന ലക്ഷ്യം.
ഇതിന്റെ നേര്‍വിപരീതമാണ് പേര് സൂചിപ്പിക്കുന്നതുപോലെ റിവേഴ്സ് ക്യാറ്റ്ഫിഷിങ്. ക്യാറ്റ്ഫിഷിങ് ചെയ്യുന്നവര്‍ക്ക് ദുരുദ്ദേശങ്ങളാണുള്ളതെങ്കില് ഇവിടെയത് സദുദ്ദേശമാണ്. യഥാര്‍ഥത്തില്‍ താന്‍ ആരാണോ അതിനേക്കാള്‍ 'കൂതറ'യാണെന്ന പ്രതീതി ഓണ്‍ലൈന്‍ ലോകത്ത് സൃഷ്ടിക്കുന്നതിനെയാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ് എന്ന് പറയുന്നത്. തനിക്ക് ഏറ്റവും മികച്ച പങ്കാളിയെ കണ്ടെത്താനായുള്ള ഒരു ഡേറ്റിങ് തന്ത്രമാണ് ഇത്.
തന്റെ അടിപൊളി ഫോട്ടോകള്‍ കൈവശമുണ്ടെങ്കിലും, പൊതുവേ ആളുകള്‍ മോശമെന്ന് പറയുന്ന തരം ഫോട്ടോകളാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ് ചെയ്യുന്നവര്‍ ഡേറ്റിങ് പ്രൊഫൈലില്‍ ഉപയോഗിക്കുക. ശരാശരിയോ അതിലും താഴെയോ മാത്രമെന്ന് തോന്നുന്നതും ഫിൽറ്ററുകളൊന്നും ഉപയോഗിക്കാത്തതുമായ ചിത്രങ്ങള്‍ പ്രൊഫൈലില്‍ കൊടുക്കുമ്പോള്‍ അത് കാണുന്നവര്‍ പിന്നീട് ആളെ നേരില്‍ കാണുമ്പോള്‍ വണ്ടറടിക്കും. ഇത് തന്നെയാണ് ഈ തന്ത്രത്തിലൂടെ ഉദ്ദേശിക്കുന്നതും.
'പട്ടി ഷോ'കള്‍ ഒഴിവാക്കുകയാണ് റിവേഴ്സ് ക്യാറ്റ്ഫിഷിങ്ങിലെ മറ്റൊരു പ്രധാന കാര്യം. ആവശ്യത്തിലധികം ആത്മവിശ്വാസമുള്ളവരാണെങ്കില്‍ പോലും തീരെ ആത്മവിശ്വാസമില്ലാത്തവരാണെന്ന പ്രതീതിയാണ് മറ്റുള്ളവര്‍ക്ക് നല്‍കുക. ആവേശത്തോടെ പറയേണ്ട വലിയ നേട്ടങ്ങള്‍ കൈവരിച്ചവരാണെങ്കില്‍ പോലും അതെല്ലാം സാധാരണ പോലെ തണുപ്പന്‍ മട്ടില്‍ അവതരിപ്പിക്കും.
സ്വയം ഇകഴ്ത്തുകയും ഈ തന്ത്രത്തിന്റെ ഭാഗമാണ്. തങ്ങളെ കാണാന്‍ കൊള്ളില്ല എന്ന് എല്ലായ്പ്പോഴും പറയും ആകര്‍ഷണീയനായ ഒരാളല്ല താന്‍ എന്ന സന്ദേശം ബോധപൂര്‍വം തന്നെ നല്കിക്കൊണ്ടിരിക്കും.
റിവേഴ്സ് ക്യാറ്റ്ഫിഷിങ് ചെയ്യുന്നവരെ ആദ്യം പരിചയപ്പെടുമ്പോള്‍ 'ജസ്റ്റ് ഓകെ' എന്ന ഇംപ്രഷനാണ് മറ്റുള്ളവര്‍ക്ക് ഉണ്ടാകുക. എന്നാല്‍ അവരെ നേരില്‍ കാണുമ്പോള്‍ വലിയ സര്പ്രൈസാകുകയും അതൊരു പോസറ്റീവ് ഷോക്കാകുയും ചെയ്യും. അപ്പുറത്തുള്ളയാള്‍ക്ക് നേരില്‍ കാണാനുള്ള ത്വരയുണ്ടാക്കാനും ഇതുവഴി സാധിക്കും. 'ഇയാള്‍ ഓണ്‍ലൈനില്‍ കണ്ടതിനേക്കാള്‍ അടിപൊളിയാണല്ലോ' എന്നൊരു ഫീലുണ്ടാക്കാന്‍ കഴിയുന്നതാണ് ഇതിന്റെ വിജയം.
കലര്‍പ്പില്ലാത്ത പ്രണയം കണ്ടെത്താനുള്ള മികച്ച മാര്‍ഗമായാണ് ജെന്‍ സി, റിവേഴ്സ് ക്യാറ്റ്ഫിഷിങ്ങിനെ കാണുന്നത്. വലിയൊരളവ് വരെ ഫലപ്രദവുമാണ് ഇത്. ഒരു പ്രമുഖ ഡേറ്റിങ് ആപ്പിന്റെ സര്‍വേ പ്രകാരം ജെന്‍ സി തലമുറയില്‍ പെട്ട അഞ്ചില്‍ രണ്ടുപേരും ഈ തന്ത്രം പ്രയോഗിക്കുന്നവരാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 18-നും 27-നും ഇടയില്‍ പ്രായമുള്ള 7,463 'ഡേറ്റര്‍'മാരിലാണ് സര്‍വേ നടത്തിയത്. മെട്രോ നഗരങ്ങളിലുള്ളവര്‍ ചെറുനഗരങ്ങളിലുള്ളവര് ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ തുടങ്ങിയവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും സ്റ്റാര്‍ട്ട്അപ്പ് ഉടമകളും വരെ സര്‍വേയില്‍ പങ്കെടുത്തിട്ടുണ്ട്.
Content Highlights: Reverse Catfishing: Gen Z's new dating strategy for finding real love
Published: 11 Jun 2025, 07:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented