നടി രേഖയും നടന്‍ അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും ഡല്‍ഹി വ്യവസായി മുകേഷ് അഗര്‍വാളിനെ രേഖ വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയുടെ അടുത്ത സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ ബീന രമാനി. അമിതാഭ് ബച്ചന്‍ ജയയെ വിവാഹം ചെയ്തതോടെ ഇനി തന്നെ അംഗീകരിക്കില്ലെന്ന് രേഖ തിരിച്ചറിഞ്ഞിരുന്നുവെന്നും ബീന പറയുന്നു. മുകേഷ് അഗര്‍വാളിനെ രേഖയ്ക്ക് പരിചയപ്പെടുത്തിയത് ബീനയാണ്. രേഖയുടെ കടുത്ത ആരാധകനായിരുന്ന മുകേഷ് അവരുടെ ഏത് സിനിമയിലെ ഡയലോഗും തെറ്റാതെ പറയുായിരുന്നുവെന്നും ബീന എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

To advertise here,

'മുകേഷിന്റെ സുഹൃത്തായിരുന്നു ഞാന്‍. രേഖയോടുള്ള ആരാധനയെ കുറിച്ച് അദ്ദേഹം എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. രേഖയോട് ഒരൊറ്റത്തവണ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഫോണിലൂടെയാണ് ആദ്യം രേഖ മുകേഷിനോട് സംസാരിച്ചു. 'ഞാന്‍ അവരെ ഫോണിലൂടെ പരിചയപ്പെടുത്തി കൊടുത്തു. അയാളെ കുറിച്ച് രേഖക്ക് ഒന്നും അറിയില്ലായിരുന്നു. അവര്‍ മൂന്ന് മിനിറ്റോളം സംസാരിച്ചു. പിന്നീട് രേഖ മുകേഷിന്റെ നമ്പര്‍ എന്നോട് ചോദിച്ചു. എന്നിട്ട് അദ്ദേഹത്തെ വിളിക്കാന്‍ തുടങ്ങി. എന്നാല്‍ മുകേഷിനെ കാണാന്‍ ഒട്ടും ഭംഗിയുണ്ടായിരുന്നില്ല. രേഖയുടെ അത്ര നീളവുമില്ലായിരുന്നു. അത് രേഖക്ക് പ്രശ്‌നമാകുമോ എന്ന് ഞാന്‍ ആലോചിച്ചു.

മറുവശത്ത് മുകേഷ് വലിയ സന്തോഷത്തിലായിരുന്നു. രേഖയോട് സംസാരിച്ചു എന്നത് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുംബൈയിലെ എന്റെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് അവര്‍ കണ്ടുമുട്ടി. ഫോണിലൂടെ ഒരുപാട് സംസാരിച്ചിരുന്നതിനാല്‍ അവര്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നു.' -ബീന പറയുന്നു.

ആദ്യത്തെ ആ കൂടിക്കാഴ്ച്ചക്കുശേഷം ഇരുവരുടേയും വിവാഹ വാര്‍ത്തയാണ് ബീന കേട്ടത്. 'ടിവിയിലും പത്രത്തിലുമെല്ലാം അവര്‍ വിവാഹം കഴിക്കാന്‍ പോകുന്നതായി വാര്‍ത്ത വന്നു. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഇത് ഇത്രയും വേഗത്തില്‍ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ല.' ബീന പറയുന്നു.

എന്നാല്‍ വിവാഹത്തിന് മധുവിധുവിന്റെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളു. ഇരുവരും പെട്ടെന്ന് തന്നെ വിവാഹമോചിതരായി. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിനുശേഷം മുകേഷ് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മുകേഷിന്റെ അമ്മ രേഖ്‌യ്‌ക്കെതിരെ സംസാരിക്കുകയും ബോളിവുഡുപോലും അവരെ പരിഹസിക്കുകയും ചെയ്തു. ഇരുവരുടേയും വിവാഹം ഒരു ഫാന്റസി മാത്രമായിരുന്നെന്നും മുംബൈയും ഡല്‍ഹിയും പോലെ രണ്ട് വ്യത്യസ്ത നഗരങ്ങളിലായതിനാല്‍ ഇരുവരുടേയും ജീവിതവും വ്യത്യസ്തമായിരുന്നെന്നും ബീന പറയുന്നു. രേഖ ഡല്‍ഹിയില്‍ കുറച്ച് തവണ മാത്രമേ വന്നിട്ടുള്ളൂവെന്നും അവരുടെ ജീവിതം മുംബൈയില്‍ അലിഞ്ഞുചേര്‍ന്നതാണെന്നും ബീന കൂട്ടിച്ചേര്‍ക്കുന്നു.