വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്ന യാത്രക്കാരെ എയര്‍ ഇന്ത്യ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് രവീണ ടണ്ഠന്‍. സാമൂഹിക മാധ്യമമായ ‘എക്‌സി’ലാണ് രവീണ എയര്‍ ഇന്ത്യക്കെതിരെയുള്ള കുറിപ്പ് പങ്കുവെച്ചത്. കുറിപ്പില്‍ എയര്‍ ഇന്ത്യയെ വിമര്‍ശിക്കുക മാത്രമല്ല, അകാസ എയര്‍ലൈന്‍സിനെ കണ്ടു പഠിക്കാന്‍ ഉപദേശിക്കുന്നുമുണ്ട്.

To advertise here,

വളര്‍ത്തുമൃഗങ്ങളുമായെത്തുന്ന യാത്രക്കാരോടുള്ള എയര്‍ ഇന്ത്യയുടെ പെരുമാറ്റമാണ് രവീണയെ ചൊടിപ്പിക്കാന്‍ കാരണം. 'ചില സമയത്ത് വളര്‍ത്തുമൃഗങ്ങളുമായി വരുന്ന യാത്രക്കാര്‍ക്ക് നിങ്ങള്‍ വളരെയധികം അസൗകര്യം സൃഷ്ടിക്കാറുണ്ട്. നിങ്ങളുടെ വിമാനത്തില്‍ കയറുന്ന ചില മനുഷ്യരേക്കാള്‍ നല്ല രീതിയിലാണ് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പെരുമാറ്റം.' രവീണ എക്‌സില്‍ കുറിച്ചു.

ജൂണില്‍ നടന്ന അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യയെ പിന്തുണച്ച് കുറിപ്പിട്ട് കുറച്ച് മാസങ്ങള്‍ക്കുള്ളിലാണ് രവീണ വിമര്‍ശനവുമായി രംഗത്തെത്തിയത്. അകാസ എയര്‍ലൈന്‍സില്‍ മൂന്ന് വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കും. രണ്ട് വളര്‍ത്തുമൃഗങ്ങളെ ക്യാബിനിലും ഒന്നിനെ കാര്‍ഗോയിലുമാണ് കൊണ്ടുപോകാന്‍ സാധിക്കുക. യാത്ര ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് അറിയിക്കാനും നിര്‍ദേശിക്കുന്നുണ്ട്‌. അകാസയിലെ ഈ സൗകര്യങ്ങളാണ് എയര്‍ ഇന്ത്യയോട് മാതൃകയാക്കാന്‍ രവീണ ആവശ്യപ്പെടുന്നത്.

അവിനാഷ് ദാസ് സംവിധാനം ചെയ്ത ഗലിയോം മെ എന്ന സിനിമയിലാണ് രവീണ അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത് എന്നിവര്‍ വേഷമിടുന്ന വെല്‍കം 3 എന്ന സിനിമയാണ് ഇനി വരാന്‍ പോകുന്നത്.