തെരുവുനായ വിഷയത്തില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തന്റെ നിലപാട് തുടര്‍ച്ചയായി പറയുകയാണ്. മനുഷ്യര്‍ക്ക് പകരം തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് 'നായവിരോധി' എന്ന പട്ടം പോലും സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. 

To advertise here,

Related News: 'എങ്കിൽ വീട്ടിലെ മുറി തെരുവുനായ്ക്കൾക്ക് തുറന്നുകൊടുക്ക്'; നായപ്രേമികളെ വെല്ലുവിളിച്ച് രാംഗോപാല്‍വർമ

'നിങ്ങള്‍ നായ്ക്കള്‍ക്കുവേണ്ടി കരയുന്നു, എന്നാല്‍ മരിച്ച മനുഷ്യര്‍ക്കുവേണ്ടി കരയുന്നില്ല' എന്നാണ് ആദ്യം വര്‍മ പറഞ്ഞത്. അടുത്ത ദിവസം സ്വന്തം വീട്ടിലെ മുറി തെരുവുനായ്ക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ പറഞ്ഞ് അദ്ദേഹം നായപ്രേമികളെ വെല്ലുവിളിച്ചു. ചില വിഡ്ഢികളായ നായപ്രേമികള്‍ ഡോഗ് ബൈറ്റിനെ (നായകടിക്കുന്നത്) ലവ് ബൈറ്റായാണ് കാണുന്നത് എന്നാണ് ഇന്ന് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. കമിതാക്കള്‍ ചുംബിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ചുവന്ന പാടാണ് ലവ് ബൈറ്റ് അല്ലെങ്കില്‍ ഹിക്കി എന്ന് അറിയപ്പെടുന്നത്. 

'ഞാനൊരു നായവിരോധിയാണെന്ന് കരുതുന്ന എല്ലാ വിഡ്ഢികളായ നായപ്രേമികളോടുമായാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ കണ്ണ് കാണാത്തവരാണോ? ചെവി കേള്‍ക്കാത്തവരാണോ? മസ്തിഷ്‌കമരണം സംഭവിച്ചവരാണോ? നാട്ടില്‍ എല്ലായിടത്തും കുഞ്ഞുങ്ങള്‍ക്ക് കടിയേല്‍ക്കുന്നതും ക്രൂരമായി പരിക്കേല്‍ക്കുന്നതും കൊല്ലപ്പെടുന്നതുമെല്ലാം സിസിടിവി വീഡിയോകളില്‍ നിങ്ങള്‍ കാണുന്നില്ലേ? പേവിഷബാധ പെരുകുന്നതിനെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നില്ലേ?' -അദ്ദേഹം തുറന്നടിച്ചു. 

'തീപ്പിടിത്തം, വെള്ളപ്പൊക്കം, കലാപം പോലെ ഏത് അടിയന്തര സാഹചര്യങ്ങളിലും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളെ നേരിടുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ അതിന്റെ മൂലകാരണങ്ങളെ കുറിച്ചും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെ കുറിച്ചും സംവാദം നടത്തുകയല്ല. സുപ്രീം കോടതി ഉത്തരവ് എക്കാലത്തേക്കുമുള്ള നയരേഖയൊന്നുമല്ല. മറിച്ച് തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യം അതിരുകടന്നുവെന്നും മനുഷ്യജീവനുകള്‍ക്ക് മുന്‍ഗണന നല്‍കി നായ്ക്കളില്‍ നിന്ന് രക്ഷിക്കണമെന്നുമാണ് അത് പറയുന്നത്.' -രാം ഗോപാല്‍ വര്‍മ തുടര്‍ന്നു. 

'അനുകമ്പയെ കുറിച്ച് ഉച്ചത്തില്‍ പ്രതിഷേധിക്കുന്ന നായപ്രേമികള്‍ തന്നെയാണ് വളര്‍ത്താനായി വിദേശ ഇനങ്ങളില്‍ പെട്ട നായ്ക്കളെ വാങ്ങുന്നത്. അവയ്ക്ക് ആഡംബര ജീവിതം നല്‍കും. വലിയ പണം മുടക്കി മൃഗഡോക്ടര്‍മാരെ കൊണ്ടുവന്ന് പരിപാലിക്കും. ഇതിനു പകരം തെരുവുനായ്ക്കളെ കൊണ്ടുപോകാന്‍ നായപ്രേമികളോട് പറയണം. ഭക്ഷണം നല്‍കുമ്പോള്‍ പല നായപ്രേമികള്‍ക്കും തെരുവുനായ്ക്കളുടെ കടിയേല്‍ക്കാറുണ്ട്. എന്നാല്‍ അവര്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനെ 'ലവ് ബൈറ്റാ'യാണ് അവര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇതുവഴി പേവിഷബാധ നിശബ്ദമായി പടരുകയാണ്.' -രാം ഗോപാല്‍ വര്‍മ രോഷത്തോടെ പറഞ്ഞു. 

തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ ഡല്‍ഹി ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഉത്തരവോടെയാണ് തെരുവുനായ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായത്. കോടതി ഉത്തരവിനെതിരെ ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാംഗോപാല്‍ വര്‍മ വ്യത്യസ്ത ശബ്ദമായത്. ഒട്ടേറെ പേരാണ് വര്‍മയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയത്.