നന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇതിന് മുന്നോടിയായി സെലിബ്രിറ്റികള്‍ അണിനിരന്ന പ്രീ വെഡ്ഡിങ് ആഘോഷം ആഡംബരക്കപ്പലില്‍ നടന്നിരുന്നു. ഇറ്റലിയില്‍ നിന്ന് തുടങ്ങി ഫ്രാന്‍സില്‍ സമാപിച്ച നാല് ദിവസത്തെ കപ്പല്‍ യാത്രയില്‍ 1200 വിശിഷ്ടാതിഥികളാണ് പങ്കെടുത്തത്. 

To advertise here,

ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ചും പ്രീ വെഡ്ഡിങ്ങിലെ ഔട്ട്ഫിറ്റുകളെ കുറിച്ചും സംസാരിക്കുകയാണ് രാധിക മെര്‍ച്ചന്റ്. കപ്പലിലെ ആദ്യ ദിനത്തില്‍ ആനന്ദ് തനിക്കെഴുതിയ പ്രണയലേഖനത്തിലെ വരികള്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് രാധിക ധരിച്ചത്. കറുപ്പും വെള്ളയും നിറങ്ങള്‍ കലര്‍ന്ന സ്ട്രാപ് ലെസ് ഗൗണാണ് രാധിക ധരിച്ചിരുന്നത്. വെള്ള നിറം വരുന്ന ഭാഗത്ത് കറുപ്പ് ഡിസൈനിലാണ് പ്രണയലേഖനത്തിലെ വരികള്‍ എഴുതിയത്. 

'ആ നീണ്ട പ്രേമലേഖനം എന്റെ ജന്മദിനത്തില്‍ ആനന്ദ് എനിക്കെഴുതിയതാണ്. ഭാവിതലമുറയക്ക് ഞങ്ങളുടെ സ്‌നേഹം എന്താണെന്ന്  കാണിച്ചുകൊടുക്കണമായിരുന്നു. അതിനാണ് ആനന്ദ് ആദ്യമായി എനിക്കെഴുതിയ പ്രണയലേഖനത്തിലെ വരികള്‍ ഗൗണില്‍ ഡിസൈന്‍ ചെയ്തത്'-ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറയുന്നു.

കപ്പലിലെ അതിഥികളെ കുറിച്ചും അവര്‍ മനസ് തുറന്നു. 'ആറ് മാസം മുതല്‍ 90 വയസ് വരെ പ്രായമുള്ള അതിഥികള്‍ ആ കപ്പല്‍ യാത്രയുടെ ഭാഗമായിരുന്നു. വിവിധ ഘട്ടങ്ങളില്‍ ഞങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയവര്‍ക്കുള്ള ആദരമായിരുന്നു ആ കപ്പല്‍ യാത്ര. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മെര്‍ച്ചന്റ്‌സ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍, വന്താര തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള ജീവനക്കാരും കുടുംബ ഡോക്ടര്‍മാരും കപ്പലിലുണ്ടായിരുന്നു.'-രാധിക പറയുന്നു. വിവാഹത്തെ കുറിച്ച് വളരെ ആകാംക്ഷയിലാണെന്നും ഒരുക്കങ്ങള്‍ വളരെ നന്നായി പോകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ജൂലൈ 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആനന്ദിന്റേയും രാധികയുടേയും വിവാഹം. ഇതിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും പ്രീ വെഡ്ഡിങ് ആഘോഷം നടത്തിയിരുന്നു. അതുകഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ആഡംബര കപ്പലിലും പ്രീ വെഡ്ഡിങ് പാര്‍ട്ടി ഒരുക്കുകയായിരുന്നു. മെയ് 29-ന് സിസിലിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ജൂണ്‍ ഒന്നിനാണ് ഫ്രാന്‍സിലെത്തിയത്. ഈ യാത്രക്കിടയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കറുപ്പ് ഗൗണ്‍ കൂടാതെ നീലയും സില്‍വറും നിറങ്ങള്‍ ചേര്‍ന്ന ഗൗണും സ്വര്‍ണ നിറവും വെള്ളയും ഇടകലര്‍ത്തിയ ഗൗണും ഐവറി നിറത്തിലുള്ള ഗൗണും ധരിച്ച രാധികയെ ചിത്രങ്ങളില്‍ കാണാം.