
മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. എന്നാല്‍ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അവര്‍. സംഘാടകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റവും വാഗ്ദാനലംഘനവുമാണുണ്ടായതെന്നും അതിനാല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം തിരിച്ചുനല്‍കുകയാണെന്നും റേച്ചല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം 'ദി ട്രൂത്ത് എബൗട്ട് മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ മൈ സ്റ്റോറി' എന്ന പേരില്‍ റേച്ചല്‍ യുട്യൂബില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതില്‍ സംഘാടകര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് റേച്ചല്‍ ഉന്നയിച്ചത്. 'സത്യം പറഞ്ഞാല്‍, ഞാന്‍ ജീവിച്ചിരുന്നാലും മരിച്ചാലും അവര്‍ക്ക് പ്രശ്‌നമില്ല. അവരുടെ പരിപാടികളില്‍ പുഞ്ചിരിച്ചുകൊണ്ട് ഞാന്‍ അവിടെയുണ്ടായിരിക്കുക, അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ എന്റെ ശരീരം വളരെ മെലിഞ്ഞതായി സൂക്ഷിക്കുക, ഇത് മാത്രമാണ് അവര്‍ക്ക് വേണ്ടത്. ഞാന്‍ ജീവിക്കുന്നുണ്ടോ മരിക്കുന്നുണ്ടോ എന്നൊന്നും അവര്‍ക്ക് വിഷയമല്ല.'
അവര്‍ക്ക് ഞാന്‍ അവിടെയുണ്ടായിരിക്കണം, ടിക് ടോക്ക് ലൈവില്‍ വന്ന് അവര്‍ക്ക് വേണ്ടി പണമുണ്ടാക്കണം, അവരുടെ പരിപാടികളില്‍ പങ്കെടുക്കണം. അത്രയേയുള്ളൂ, അതാണ് അവര്‍ക്ക് എന്നില്‍ നിന്ന് വേണ്ടത്. അവര്‍ എന്നെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഞാന്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണെന്നും മനസ്സിലാക്കി. ടിക് ടോക്കില്‍ വിലകുറഞ്ഞ, നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു.'-റേച്ചല്‍ പറയുന്നു.
ശാരീരികമായി അപമാനിക്കപ്പെട്ടതിനെക്കുറിച്ചും ശരീരത്തെ കളിയാക്കിയതിനെക്കുറിച്ചും റേച്ചല്‍ വിവരിച്ചു. 'ഒരു തവണ അവരുടെ പ്രതിനിധി എന്റെ അടുത്തേക്ക് വന്നു. അയാള്‍ എന്റെ അടുത്തേക്ക് വന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും നുള്ളിയിട്ട് 'ഇവിടെ ഭാരം കുറയ്ക്കണം' എന്ന് പറഞ്ഞു. ഞാനിതിന് എന്ത് പറയാനാണ്? അത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ജോലിക്കായി ഫിറ്റ് ആയിരിക്കണമെന്നും രൂപഭംഗി നിലനിര്‍ത്തണമെന്നും എനിക്കറിയാം. പക്ഷേ ഒരുവിധ സൗകര്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കില്ലെങ്കില്‍ എന്താണ് ചെയ്യുക. ഒരു ദിവസം മുഴുവന്‍ വീട്ടില്‍ പൂട്ടിയിട്ടപോലെ ഇരിക്കണമെങ്കില്‍ എന്താണ് ചെയ്യുക'-വീഡിയോയില്‍ റേച്ചല്‍ പറയുന്നു.
ഇതിന് പിന്നാലെ റേച്ചലിനെതിരെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ രംഗത്തെത്തി. റേച്ചലിന്റെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2024 എന്ന പദവി റദ്ദാക്കിയതായും നിയുക്ത ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാരജയപ്പെട്ടതിനാലും മുന്‍കൂര്‍ അനുമതി വാങ്ങാതെ മറ്റ് പദ്ധതികളില്‍ പങ്കെടുത്തതിനാലുമാണ് റേച്ചലിനെതിരെ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും സംഘാടകര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്വാട്ടിമലയിലേക്ക് ഷെഡ്യൂള്‍ ചെയ്ത യാത്രയില്‍ പങ്കെടുക്കാന്‍ റേച്ചല്‍ വിസമ്മതിച്ചുവെന്നും സംഘാടകര്‍ പറയുന്നു. 30 ദിവസത്തിനുള്ളില്‍ കിരീടം ഓഫീസില്‍ തിരിച്ചേല്‍പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഒക്ടോബര്‍ 25-ന് നടന്ന മത്സരത്തിലാണ് റേച്ചല്‍ കിരീടം ചൂടിയത്.
Content Highlights: rachel gupta gives up miss grand international crown
Published: 30 May 2025, 04:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented