
കോഴിക്കോട്: നാലര പതിറ്റാണ്ടോളം ലഹരിക്കെതിരെ പൊരുതിയ മാഷിനും ടീച്ചര്‍ക്കും പ്രണയമാണ് ജീവിതലഹരി. തലക്കുളത്തൂര്‍ സ്വദേശികളായ ഈ അധ്യാപക ദമ്പതിമാര്‍ ഒരേദിവസം ഒരേ കോളേജില്‍ ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചാര്‍ജെടുത്തവര്‍. പക്ഷേ , അതിനും മൂന്നു വര്‍ഷം മുമ്പ് ടി.എം.രവീന്ദ്രന്റെ മനസ്സില്‍ പ്രണയമുകുളം നാമ്പിട്ടിരുന്നു. ഇന്ന് അതോര്‍ക്കുമ്പോള്‍ പ്രൊഫസറുടെ മുഖത്ത് ചെറിയൊരു ചമ്മലുണ്ട്.
അക്കഥ അദ്ദേഹം പറയും; 'പന്തീരാങ്കാവ് ജയഭാരതി ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായിരുന്ന ഞാന്‍ ബസ്സില്‍ നീലസാരിയുടുത്ത അച്ചടക്കമുള്ള സുന്ദരിയെ കണ്ടു. പിന്നെപ്പിന്നെ എന്നും കണ്ണുകള്‍ അധ്യാപികയുടെ ലുക്കുള്ള ആ കുട്ടിക്കായി തിരഞ്ഞു. ഒരു ദിവസം ആ കുട്ടിയുടെ കൈ പിടിച്ച് ഒരു ചെറുബാലിക. നിരാശനായിപ്പോയി. വിവാഹിതയായിരിക്കും. പൊല്ലാപ്പാവേണ്ട, വിട്ടേക്കാം. സ്വപ്നനങ്ങളോട് വിടചൊല്ലി. മനസ്സില് താലോലിച്ച ആഗ്രഹങ്ങളോടും.''
'അന്ന് ഞാന്‍ പന്തീരാങ്കാവ് സ്‌ക്കൂളിലെ അധ്യാപികയായിരുന്നു. സഹോദരന്റെ മകളായിരുന്നു എന്റെ കൈപിടിച്ചു നടക്കുന്നതായി മാഷ് കണ്ട കുട്ടി. മാഷ് എന്നെ സ്വപ്നം കാണുന്നതോ ശ്രദ്ധിക്കുന്നതോ ഞാനറിഞ്ഞിരുന്നില്ല. മാഷിനെ ശ്രദ്ധിച്ചിട്ടുമില്ല.'- മാഷിന്റെ വാക്കുകള്‍ക്ക് മേമ്പൊടിയായി ഒ.ജെ.ചിന്നമ്മ പറയുമ്പോള്‍ നിറചിരി.
ഇനി പ്രണയകഥയുടെ അടുത്ത റീല്‍സിലേക്ക് സ്‌ക്രോള്‍ ചെയ്യാം. 1981 സെപ്റ്റംബര്‍ 15. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റില്‍ രവീന്ദ്രനും സംസ്‌കൃതം അധ്യാപികയായി ചിന്നമ്മയും വകുപ്പധ്യക്ഷന്‍ പത്മനാഭക്കുറുപ്പ് സാറിന്റെ അടുത്ത് ചാര്‍ജെടുത്തു. പുതിയ അധ്യാപികയെ കണ്ടപ്പോള്‍ മാഷിന് ആകെക്കൂടിയൊരു അങ്കലാപ്പ്. പരിചയപ്പെട്ടു. മൈക്കാവ് സ്വദേശിനി. മാഷ് ഗാന്ധിയനാണെന്നും മദ്യനിരോധനപ്രസ്ഥാനക്കാരനാണെന്നും ആദര്‍ശവാനാണെന്നതുമൊക്കെ ടീച്ചറും മനസ്സില്‍ കുറിച്ചു.
പരിചയം പതുക്കെ പ്രണയമായി. മാഷ് തന്റെ ഹൃദയം ടീച്ചറിനു മുന്നില്‍ തുറന്നു. സാഹിത്യഭാഷയില്‍ മൂന്ന് പ്രേമലേഖനങ്ങള്‍ കൈമാറി. ടീച്ചര്‍ക്ക് അപ്പോഴും പേടി. മാഷ്തന്നെ ഒരുവിധത്തില്‍ ടീച്ചറുടെ വീട്ടില്‍ വിവരം അറിയിച്ചു. ടീച്ചറുടെ സഹോദരന്മാര്‍ കട്ട സപ്പോര്‍ട്ട്. പക്ഷേ, കെട്ടുകല്യാണം പള്ളിയില്‍ വച്ച് തന്നെയാവണമെന്ന് അപ്പന് നിര്‍ബന്ധം, മാഷിന്റെ അമ്മ എം.പി. നാണിയമ്മ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന നേതാവും പുരോഗമന ആശയക്കാരിയുമൊക്കെയായിരുന്നു. അമ്മ സമ്മതിച്ചു.
മാഷിന്റേത് പുരാതന നായര്‍ തറവാട്. സമുദായങ്ങള്‍ തമ്മിലെ വ്യത്യാസം വേലിക്കെട്ടായില്ല. 1983 മാര്‍ച്ച് 23 -ന് വിവാഹം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം, രജിസ്ട്രാര്‍ വീട്ടിലേക്ക് വന്നു. രണ്ടു പേരും ആഡംബര പ്രിയരല്ലാത്തതിനാല്‍ സദ്യയില്ല. അഞ്ഞൂറോളം പേര്‍ക്ക് ചായസല്‍ക്കാരം.
നദിപോലെ ആ പ്രണയം ഒഴുകി. ജീവിതാനുഭവങ്ങളിലൂടെ രണ്ടു പേരും മദ്യനിരോധന സമിതിയുടെ സംസ്ഥാന നേതാക്കളായി. ബംഗ്ലാദേശ് കോളനിയിലും കക്കാടം പൊയിലിലും തുടങ്ങി മലബാറില്‍ പലയിടത്തും യുവദമ്പതികള്‍ ഒരുമിച്ച് സമരമിരുന്നു. ശ്രോതാക്കള്‍ അധികമില്ലെങ്കിലും റോഡരികിലും മദ്യശാലകള്‍ക്കു മുന്നിലും മദ്യനിരോധനം നിര്‍ത്താതെ പ്രസംഗിച്ചു. അതിന്നും തുടരുന്നു.
സൗന്ദര്യപിണക്കങ്ങളുണ്ടായാല്‍ പോലും അത് ഒരു ദിവസത്തില്‍ കൂടുതല്‍ നീളാതെ കാത്തു. പരസ്പരം കിട്ടിയ ജീവിതസമ്മാനങ്ങളായി സ്വയം കരുതിയതിനാല്‍ ഒരിക്കലും പ്രണയ സമ്മാനങ്ങള്‍ കൈമാറിയിട്ടില്ല. പ്രണയവല്ലരിയില്‍ രണ്ടു പൂക്കള് - ഐ.ടി.ക്കാരായ അരുണും ആരിഫും . ഡോ.പൊന്നമ്പിളിയും ഗീതുവും മരുമക്കള്‍ . ''പുതുതലമുറയിലും പ്രണയമുണ്ട്. പക്ഷേ അതില്‍ ആത്മാര്‍ത്ഥത കുറയുന്നോ എന്ന് സംശയം. അതുകൊണ്ടാണല്ലോ തേപ്പും ബ്രേക്ക് അപ്പുമൊക്കെ കൂടുന്നത്'', അധ്യാപക ദമ്പതിമാര്‍ നെടുവീര്‍പ്പിട്ടു.
Content Highlights: Prof. Raveendran & Chinnamma`s Love Story
Published: 14 Feb 2025, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented