
അച്ഛന്‍ അശോക് ചോപ്രയുമായി പ്രിയങ്ക ചോപ്രയ്ക്ക് ആഴത്തിലുള്ള ആത്മബന്ധമാണുണ്ടായിരുന്നത്. 2013-ല്‍ അശോക് ചോപ്ര മരിച്ചപ്പോള്‍ അത് പ്രിയങ്കയ്ക്ക് താങ്ങാനാവുന്നതായിരുന്നില്ല. അച്ഛനില്ലാത്തതിന്റെ വേദനയില്‍നിന്ന് പുറത്തുകടയ്ക്കാന്‍ തനിക്കിത് വരെ കഴിഞ്ഞിട്ടില്ലെന്നും 'ഡാഡീസ് ലിറ്റില്‍ ഗേള്‍' എന്ന് തന്റെ കൈയില്‍ ടാറ്റൂ ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ അശോക് ചോപ്രയുടെ മരണം തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും ആ വേദന എങ്ങനെയാണ് മറികടന്നതെന്നും പറയുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ദെബിനാ ബാനര്‍ജിക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര മനസ് തുറന്നത്. അശോകിന്റെ മരണശേഷം താനും മക്കളായ പ്രിയങ്കയും സിദ്ധാര്‍ഥും മാസങ്ങളോളം അതിന്റെ വേദനയിലും ദു:ഖത്തിലും കഴിഞ്ഞുവെന്നും അതിലൊരു മാറ്റം വന്നത് പ്രിയങ്ക തങ്ങളെ ഒരു അവധിക്കാലം ചെലവഴിക്കാന്‍ കൊണ്ടുപോയപ്പോഴാണെന്നും മധു പറയുന്നു.
'ഞങ്ങള്‍ മൂന്ന് പേരും ഞങ്ങളുടേതാരായ രീതിയില്‍ സങ്കടത്തിലായിരുന്നു. ആരും വിഷമം പരസ്പരം തുറന്ന് സംസാരിച്ചില്ല. ആറ് മാസങ്ങള്‍ ഇങ്ങനെ തുടര്‍ന്നു. ഒടുവില്‍ ആ നഷ്ടത്തെ ഒന്നിച്ച് അതിജീവിക്കണമെന്ന് പ്രിയങ്ക ഞങ്ങളോട് പറഞ്ഞു. അവള്‍ മുന്‍കൈയെടുത്ത് ഞങ്ങളെ ടര്‍ക്ക്‌സ് ആന്റ് കൈക്കോസ് ദ്വീപില്‍ അവധിക്കാലം ചെലവഴിക്കാന്‍ കൊണ്ടുപോയി.'-മധു ചോപ്ര പറയുന്നു.
'എന്റെ കുടുംബത്തിന് പുറത്ത് എനിക്കൊരു ജീവിതമുണ്ടായിരുന്നില്ല. ഞങ്ങള്‍ നാല് പേരും വലിയ അടുപ്പം സൂക്ഷിക്കുന്നവരായിരുന്നു. പ്രിയങ്ക ജോലിക്ക് പോകുകയും വീട്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും. അശോകിന്റെ മരണം അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹത്തിന് അസുഖമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ മാനസികമായി തയ്യാറെടുത്തിരുന്നു. പക്ഷേ നഷ്ടം സംഭവിച്ചപ്പോള്‍ അതൊന്നും ഫലം കണ്ടില്ല. ഞങ്ങള്‍ക്ക് ആ വേദന സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. പക്ഷേ ഞങ്ങള്‍ കരഞ്ഞിരുന്നില്ല. ഞങ്ങള്‍ പരസ്പരം സംസാരിക്കുകയും ചെയ്തില്ല. ഞങ്ങള്‍ മൂന്നുപേരും നിശബ്ദമായി നടക്കുകയും ഒന്നും സംഭവിക്കാത്തപോലെ ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്യുകയായിരുന്നു. അത് ഞങ്ങളുടെ പ്രതിരോധ സംവിധാനം പോലെയായിരുന്നു. കുട്ടികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നോര്‍ത്ത് ഞാന്‍ കരയില്ലായിരുന്നു. എന്നെ വിഷമിപ്പിക്കാതിരിക്കാന്‍ കുട്ടികളും കരയില്ലായിരുന്നു.
എന്നാല്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ ശരിയാവില്ലെന്ന് പ്രിയങ്ക പറഞ്ഞു. അവള്‍ ഞങ്ങളെ നിര്‍ബന്ധിച്ച് ആ ദ്വീപിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ അവിടെ ഒരാഴ്ച്ച ചെലവഴിച്ചു. ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളെല്ലാം തുറന്ന് സംസാരിച്ചു. തിരികെ വന്നത് പുതിയ ഊര്‍ജ്ജത്തോടെയാണ്. ജോലിയിലേക്ക് മടങ്ങാന്‍ കഴിയുന്നത്ര ഉന്മേഷത്തിലായിരുന്നു. വേദന ഒരിക്കലും പോകില്ലെന്ന് അറിയാം. പക്ഷേ ആ വേദനയെ എങ്ങനെ മറികടക്കാം എന്ന് ഞങ്ങള്‍ പഠിച്ചു.'- മധു ചോപ്ര വ്യക്തമാക്കുന്നു.
അശോക് ചോപ്രയുടെ മരണത്തിന് ആറ് ദിവസങ്ങള്‍ക്കുശേഷം പ്രിയങ്ക തനിക്കായി പിറന്നാളാഘോഷം സംഘടിപ്പിച്ചതിനെ കുറിച്ചും മധു ചോപ്ര നേരത്തെ സംസാരിച്ചിരുന്നു. 'അദ്ദേഹത്തിന്റെ മരണശേഷം, ഞങ്ങള്‍ ദുഃഖത്തിലായിരുന്നു. പക്ഷേ പാര്‍ട്ടി നടത്തണമെന്ന് പ്രിയങ്ക നിര്‍ബന്ധിച്ചു. അച്ഛന്‍ ആഗ്രഹിച്ചിരുന്നത് അതാണെന്നും എല്ലാവരോടും അവിടെ തുടരണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഡിജെയും സംഗീതവുമൊക്കെയുള്ള വളരെ രസകരമായ ഒരു പാര്‍ട്ടിയായിരുന്നു അത്. പക്ഷേ കുടുംബത്തിലെ കുറച്ചുപേര്‍ എന്നെ വിമര്‍ശിച്ചു 'അവളെ നോക്കൂ! അവള്‍ നൃത്തം ചെയ്യുന്നു! അവള്‍ ഭര്‍ത്താവിന് വേണ്ടി ദുഃഖിക്കുന്നില്ലേ?' എന്ന് പറഞ്ഞിരുന്നു. 'ഞാന്‍ അദ്ദേഹത്തിന്റെ ആഗ്രഹം പോലെയാണ് ചെയ്യുന്നത്. നിങ്ങളും അതിനനുസരിച്ച് പെരുമാറണം' എന്ന് പ്രിയങ്ക അവര്‍ക്ക് മറുപടി നല്‍കി. അതാണ് അവളുടെ വ്യക്തിത്വം.-മധു ചോപ്ര വ്യക്തമാക്കുന്നു.
Content Highlights: priyanka chopra took family on a vacation to heal from her father ashok chopras death
Published: 21 Jun 2025, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented