നിക്കിന്റെ  മുപ്പതാം പിറന്നാള്‍ ആഘോഷത്തിനായി പ്രൈവറ്റ് ജെറ്റില്‍ പറന്ന് താരദമ്പതിമാരായ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും. ഇതിന്റെ വീഡിയോ നിക്ക് ജൊനാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'ഞങ്ങള്‍ ഇതാ പോകുന്നു, മുപ്പതാം പിറന്നാളിലേക്ക്' എന്ന കുറിപ്പോടെ പ്രൈവറ്റ് ജെറ്റില്‍ കയറാന്‍ പോകുന്ന സെല്‍ഫി വീഡിയോയാണ് നിക്ക് പോസ്റ്റ് ചെയ്തത്.

To advertise here,

വിമാനത്തില്‍ ഇരുന്ന് ഫോണില്‍ സംസാരിക്കുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. ഹാപ്പി ബര്‍ത്‌ഡേ എന്ന ബാനര്‍ തൂക്കി വിമാനത്തിന്റെ ഉള്‍വശം അലങ്കരിച്ചിട്ടുമുണ്ട്. ഡെനിം ഡ്രസ്സാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. കറുപ്പ് ടി ഷര്‍ട്ടും അതിന് യോജിക്കുന്ന സണ്‍ഗ്ലാസും നിക്കിനെ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കുന്നു.

ഈ വീഡിയോക്ക് താഴെ നിക്കിന് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയുടെ മാനേജര്‍ അഞ്ജുല ആചാര്യയുടെ കമന്റാണ് രസകരം. 'ഈ വീഡിയോ എനിക്ക് ഇഷ്ടമായി. അവള്‍ ഫോണില്‍ എന്നോടാണ് സംസാരിക്കുന്നത്' എന്നായിരുന്നു അഞ്ജുലയുടെ കമന്റ്. 

2017-ലെ ഗലെ പുരസ്‌കാര വേദിയിലാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇരുവരും പങ്കെടുത്തു. തുടര്‍ന്ന് പ്രണയത്തിലാകുകയും 2018 ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു. 

ഈ വര്‍ഷം ജനുവരി 22-ന് പ്രിയങ്കയ്ക്കും നിക്കിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നു. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.