രീരഭാരം വർദ്ധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന പരിഹാസ കമന്റുകൾക്ക് മറുപടി നൽകി നടിയും പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയുമായ പ്രിയ മോഹൻ. പേശികളിലും സന്ധികളിലും കഠിനമായ വേദനയുണ്ടാക്കുന്ന 'ഫൈബ്രോമയാൾജിയ' എന്ന രോഗം തനിക്കുണ്ടെന്നും അതിന്റെ ഭാഗമായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം മൂലമാണ് ശരീരഭാരം വർദ്ധിച്ചതെന്നും പ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

To advertise here,

'അതെ, ഞാൻ അൽപം തടിച്ചിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതുപോലെയാണ്. ഫ്രൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണത്. സൗന്ദര്യത്തേക്കാൾ എന്റെ ആരോഗ്യത്തിനാണ് ഞാൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു. സൗന്ദര്യത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം. പക്ഷേ രോഗശാന്തിക്കായി അങ്ങനെ കാത്തിരിക്കാനാകില്ല. മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് എപ്പോഴും അഭിപ്രായം പറയാൻ സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. മറ്റൊരാളുടെ ജീവിതത്തെ കുറിച്ച് വിധി പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക'-പ്രിയ കുറിച്ചു.

കഴിഞ്ഞ മെയിലാണ് ഈ രോഗാവസ്ഥയെ കുറിച്ച് പ്രിയ തന്റെ വ്‌ളോഗിലൂടെ പങ്കുവെച്ചത്. വിദേശത്ത് യാത്ര പോയ സമയത്താണ് ഇത് തിരിച്ചറിയുന്നതെന്നും ഒരു ദിവസം രാത്രി കുളിക്കുന്നതിനിടെ ബാത്ത്‌റൂമിൽ തലയിടിച്ചു വീണുവെന്നും എഴുന്നേൽക്കാനായില്ലെന്നും പ്രിയ അന്ന് പറഞ്ഞിരുന്നു. പിന്നീട് ഭർത്താവ് നിഹാലിന്റെ മുമ്പിൽവെച്ചും ആളുകളുടെ മുമ്പിൽ വെച്ചും താൻ ഇത്തരത്തിൽ വീണുപോയിട്ടുണ്ടെന്നും ചികിത്സിച്ചില്ലെങ്കിൽ രോഗി കടുത്ത വിഷാദത്തിലേക്ക് വീഴുമെന്നും പ്രിയ അന്ന് വ്യക്തമാക്കിയിരുന്നു.

സങ്കീർണമായ ലക്ഷണങ്ങളോട് കൂടി കാണപ്പെടുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. പേശീവാതം എന്നും ഇതിന് പേരുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടേയും സന്ധികളുടേയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.