സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതികളാണ് നിഹാല്‍ പിള്ളയും പ്രിയ മോഹനും. ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ ഇരുവരും വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്. നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ സീരിയലുകളില്‍ സജീവമായിരുന്നു. വിവാഹത്തിനുശേഷം സിനിമയില്‍നിന്ന് ഇടവേളയെടുക്കുകയായിരുന്നു. നിലവില്‍ ബിസിനസിലാണ് നിഹാലും പ്രിയയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

To advertise here,

തന്നെ ബാധിച്ച അപൂര്‍വ രോഗത്തെ കുറിച്ചാണ് പുതിയ വ്‌ളോഗില്‍ പ്രിയ പറയുന്നത്. തനിക്ക് 'ഫൈബ്രോമയാള്‍ജിയ' സ്ഥീരികരിച്ചുവെന്നും പേശികളിലും സന്ധികളിലും വേദന വരികയും ദൈനംദിന കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രിയ പറയുന്നു. ക്ഷീണം, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ അവസ്ഥകളെല്ലാം ഇതിനോട് അനുബന്ധിച്ചുണ്ടായെന്നും അവര്‍ പറയുന്നു. കണ്ണ് നിറഞ്ഞാണ് പ്രിയ തന്റെ രോഗാവസ്ഥയെ കുറിച്ച് സംസാരിക്കുന്നത്.

'എന്റെ കുഞ്ഞിന് ഭക്ഷണം വാരിക്കൊടുക്കാന്‍ പോലും കൈ പൊങ്ങാത്ത അവസ്ഥയായിരുന്നു. അവനെ എടുക്കാന്‍പോലും കഴിയുന്നില്ല. ഒരല്‍പം ഉയരമുള്ള വാഹനത്തിലേക്ക്‌പോലും കാലെടുത്ത് വെച്ച് കയറാന്‍ പറ്റുന്നില്ല. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനും ഒന്ന് പുറം ചൊറിയാനും വരെ മറ്റൊരാളുടെ സഹായം വേണം. ഒരു ഗ്ലാസോ പ്ലേറ്റോ പോലും കൈ കൊണ്ട് എടുക്കാന്‍ പറ്റുന്നില്ല. എന്തിന് ഇങ്ങനെ ജീവിക്കുന്നുവെന്ന് പലതവണ എനിക്ക് തോന്നി. കടുത്ത വിഷാദവും ഉറക്കമില്ലായ്മയും ഇതിനൊപ്പമുണ്ടായി. രാവിലെ ആറ് മണി വരെയെല്ലാം ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.' -പ്രിയ പറയുന്നു.

ഈ രോഗാവസ്ഥയെ കുറിച്ചുള്ള ബോധവത്കരണം ആളുകള്‍ക്കിടയില്‍ കുറവാണെന്നും മടി കാരണമാണ് ജോലികളെല്ലാം ചെയ്യാതിരിക്കുന്നത് എന്നേ വിചാരിക്കൂ എന്നും നിഹാല്‍ പറയുന്നു. 'ഈ രോഗാവസ്ഥയിലുള്ള ഒരാളെ പുറത്ത് നിന്നു കണ്ടാല്‍ ആരോഗ്യമുള്ള വ്യക്തിയായേ നമുക്ക് തോന്നൂ.  ചില ഡോക്ടര്‍മാര്‍പോലും രോഹം കണ്ടുപിടിക്കാതെ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന അവസ്ഥയാണെന്ന് പറഞ്ഞാണ് ഇത്തരം രോഗികളെ ചികിത്സിക്കാറുള്ളത്. ഇത് എന്താണെന്ന് ഞങ്ങള്‍ക്കും ആദ്യം മനസിലായില്ല. രക്തം പരിശോധിച്ചാല്‍പോലും ഒരു പ്രശ്‌നവും കാണില്ല. ഈ രോഗം വന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതിനെ കുറിച്ച് കൃത്യമായ ധാരണ വേണം.'-നിഹാല്‍ പറയുന്നു. 

വിദേശത്ത് യാത്ര പോയ സമയത്താണ് ഈ അവസ്ഥ തിരിച്ചറിയുന്നതെന്നും ഒരു ദിവസം രാത്രി കുളിക്കുന്നതിനിടെ ബാത്ത്‌റൂമില്‍ തലയിടിച്ച് വീണുവെന്നും എഴുന്നേല്‍ക്കാനായില്ലെന്നും പ്രിയ പറയുന്നു. അന്ന് എല്ലാവരും ഉറക്കത്തിലായതിനാല്‍ വിളിച്ചിട്ട് കേട്ടില്ല. ദൈവങ്ങളേയും അച്ഛനേയും അമ്മയേയുമെല്ലാം വിളിച്ച് എങ്ങനെയൊക്കെയോ എഴുന്നേല്‍ക്കുകയായിരുന്നുവെന്നും പ്രിയ പറയുന്നു.

പിന്നീട് നിഹാലിന്റെ മുമ്പില്‍വെച്ചും ആളുകളുടെ മുമ്പില്‍വെച്ചും ഇത്തരത്തില്‍ വീണുവെന്നും ഇത് ചികിത്സില്ലെങ്കില്‍ രോഗി കടുത്ത വിഷാദ രോഗിയായി മാറുമെന്നും പ്രിയ വ്യക്തമാക്കുന്നു. 'കേള്‍ക്കുന്നവര്‍ ഇത് കാന്‍സറോ ട്യൂമറോ പോലെയൊന്നും അല്ലല്ലോ എന്ന് പറയുമായിരിക്കും. പക്ഷേ ഇത് വരുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ. തല കുളിച്ചാല്‍ തോര്‍ത്താന്‍പോലും പറ്റാത്ത അവസ്ഥയാണ്.'-പ്രിയ വീഡിയോയില്‍ പറയുന്നു.

എന്താണ് ഫൈബ്രോമയാള്‍ജിയ?

സങ്കീര്‍ണ്ണമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ (Fibromyalgia) അഥവാ പേശീവാതം. കേരളത്തില്‍ 3 - 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. 

മറ്റു രോഗ ലക്ഷണങ്ങള്‍

ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain).
ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം (Trigger point).
അകാരണമായ ക്ഷീണമാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം.
ചിലര്‍ക്ക് ശരീരത്തില്‍ കഴപ്പായോ, പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.
അകാരണമായ വ്യാകുലത (Anxiety), വിഷാദം (Depression) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.
ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.
ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction).

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന മറ്റു അനുബന്ധ രോഗങ്ങള്‍

ചെന്നിക്കുത്ത് (Migraine headache).
3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome - IBS).
വേദനയോടു കൂടിയ ആര്‍ത്തവം.
ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).
ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.

എന്തുകൊണ്ടാണ് ഫൈബ്രോമയാള്‍ജിയ ഉണ്ടാകുന്നത്?

ഇതിന് ഒരു വ്യക്തമായ കാരണം നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). Osteo arthritis, Rheumatoid arthritis (ആമവാതം), SLE, Seronegative spindylo arthritis, Sjogren's syndrome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട് (Secondary Fybromyalgia).

രോഗനിര്‍ണ്ണയം എങ്ങനെ?

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല. ഈ അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിംഗ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും  ഫൈബ്രോമയാള്‍ജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വിറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, Sjogren's syndrome  മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, ANA test, Thyroid test, Bone scan മുതലായവ ആവശ്യമായി വരാം. സ്‌കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിംഗ് നിര്‍ണ്ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുകയും വേണം.

ചികിത്സാ രീതികള്‍

മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാന്‍ ഇന്ന് സാദ്ധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. കൃത്യസമയത്തെ ഉറക്കം, ദിവസേനയുള്ള വ്യായാമം എന്നിവ ശീലമാക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ എന്നിവ പരമാവധി കുറയ്ക്കാം. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും  ചികിത്സയില്‍ ആവശ്യമായി വരാം.

ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടു തന്നെ വീട്ടുകാരില്‍ നിന്നു രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം, മുന്‍കോപം മുതലായ ലക്ഷണങ്ങള്‍ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനില്‍ക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാള്‍ജിയ മാറാനും കാരണമാകാം.

ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ അവലംബിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന  ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.