മാനസികാരോഗ്യത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം ദീപികാ പദുക്കോൺ. തനിക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും അതിന് ചികിത്സ തേടിയിട്ടുണ്ടെന്നും അവർ തുറന്നുപറഞ്ഞിരുന്നു. അതൂകൂടാതെ മാനസികാരോഗ്യത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു.

To advertise here,

ഇപ്പോഴിതാ മകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ബാഡ്മിന്റൺ താരവും ദീപികയുടെ അച്ഛനുമായ പ്രകാശ് പദുക്കോൺ. മകളുടെ ആ തീരുമാനത്തെ കുടുംബം ഒന്നാകെ പിന്തുണച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് മകളോട് പറഞ്ഞുവെന്നും പ്രകാശ് പറയുന്നു. സുഹൃത്തിന്റെ മരണം ദീപികയെ കൂടുതൽ ചിന്തിപ്പിച്ചുവെന്നും അതിനുശേഷമാണ് മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ അവൾ ദൃഢനിശ്ചയമെടുത്തതെന്നും പ്രകാശ് കൂട്ടിച്ചേർത്തു.

'ഞങ്ങൾ പൂർണ പിന്തുണ നൽകി. അവൾ ഞങ്ങളോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ ഞങ്ങൾക്ക് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. അവളുടെ അനുഭവം പങ്കുവെയ്ക്കുന്നത് മറ്റുള്ളവർക്ക് സഹായകരമാകുമെങ്കിൽ അത് ചെയ്യുന്നത് നല്ല കാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി. പിന്നീട് അവളുടെ സുഹൃത്തിന്റെ മരണം കൂടിയായതോടെ അവൾ മുന്നോട്ടുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിനെ കുറിച്ച് അവൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്.'-പ്രകാശ് പറയുന്നു.

അഭിനയ ജീവിതത്തിന് പുറമെ മാനസികാരോഗ്യ മേഖലയിൽ മകൾ ചെയ്ത പ്രവർത്തനങ്ങൾ ഓർമിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ ദീപിക അർഥവത്തായ ഒപു മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും പ്രകാശ് കൂട്ടിച്ചേർത്തു.