ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫര്‍മാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫി ടീമിന് വണ്‍ സ്റ്റാര്‍ റിവ്യൂ നല്‍കി വധു. ഫോട്ടോഗ്രാഫി സ്ഥാപനമായ 'വീ ഡോണ്ട് സേ ചീസ്' ആദ്യം വേദിയില്‍നിന്ന് തന്നെ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും വിവാഹങ്ങള്‍ ചെലവേറിയതാണെന്ന് അവര്‍ മനസിലാക്കണമെന്നും വിവാഹം ആസ്വദിക്കാനല്ല ജോലി ചെയ്യാനാണ് അവര്‍ വന്നതെന്ന് അവര്‍ തിരിച്ചറിയണമെന്നും വധു കുറിച്ചു.
ഫോട്ടോഗ്രാഫര്‍മാരുടെ ടീം വിവാഹവേദിയില്‍നിന്ന് ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി വധു ചൂണ്ടിക്കാണിച്ചത് ഒന്നര ലക്ഷം രൂപയുടെ അധികച്ചെലവാണ്. ഒരു പ്ലേറ്റ് ഭക്ഷണത്തിന് 6,000 രൂപയില്‍ കൂടുതല്‍ വിലവരുന്ന ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒന്നിലധികം ചടങ്ങുകളിലായി ഏഴോ എട്ടോ അധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് വലിയ സാമ്പത്തികബാധ്യതയായിരിക്കുമെന്ന് അവര്‍ വിശദീകരിച്ചു.
ന്യൂഡല്‍ഹിയിലെ തിരക്കേറിയ വിവാഹ ചടങ്ങുകളില്‍ ഏഴോ എട്ടോ അധിക അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. പ്രത്യേകിച്ചും ഒരാള്‍ക്ക് 6,000 രൂപയില്‍ കൂടുതല്‍ ചിലവുവരുന്ന ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍. ഭക്ഷണത്തിനും പാനീയങ്ങള്‍ക്കുമായി മാത്രം ഏകദേശം 1.5 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടാക്കും. ഇത് തികച്ചും യുക്തിക്ക് നിരക്കാത്തതാണെന്നും വധു തന്റെ റിവ്യൂവില്‍ എഴുതി.
എന്നാല്‍ ഇതിന് മറുപടിയുമായി 'വീ ഡോണ്ട് സേ ചീസ്' എന്ന സ്ഥാപനത്തിന്റെ ബിസിനസ് ഹെഡ് റിച്ച ഒബ്‌റോയ് രംഗത്തെത്തി. വിവാഹദിവസങ്ങളില്‍ തങ്ങളുടെ ടീം 12-15 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുകയാണെന്നും ഭാരമുള്ള ഉപകരണങ്ങള്‍ ചുമന്ന് നിന്നുകൊണ്ടാണ് ജോലിയെടുക്കുന്നതെന്നും വിശ്രമമില്ലാതെ വേദികളിലൂടെ ഓടുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹത്തിന് അതിഥികള്‍ക്ക് കൊടുക്കുന്നതുപോലെ ഒരു നേരത്തെ ഭക്ഷണമെങ്കിലും തങ്ങള്‍ പ്രതീക്ഷിക്കും. കാരണം പുറത്തുപോയി ഭക്ഷണം കഴിക്കുന്നത് ജോലിയുടെ ഗുണനിവാരത്തെ തന്നെ ബാധിക്കുമെന്നും അവര്‍ പറയുന്നു.
'ചെലവ് കുറയ്ക്കാനായി ഒരു പ്ലേറ്റിലെ ഭക്ഷണം രണ്ട് പേര്‍ ചേര്‍ന്ന് വരെ കഴിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. എന്നിട്ടും അതിഥികളോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവരെ വധു സമ്മതിച്ചില്ല. ഒടുവില്‍ ഫോട്ടോഗ്രാഫര്‍മാര്‍ സ്വന്തമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നും അതിന്റെ പണം പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അവിടേയും പ്രശ്‌നങ്ങളുണ്ടായി. അത് കഴിക്കാനുള്ള സമയം വധു തന്നെ നിശ്ചയിച്ചു. ഹല്‍ദി ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വൈകുന്നേരം നാല് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കണമെന്നും സംഗീത് ചടങ്ങിന് തടസ്സമാകാതിരിക്കാന്‍ രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണമെന്നും വധു നിര്‍ബന്ധം പിടിച്ചതായി റിച്ച പറയുന്നു.
'എപ്പോള്‍ കഴിക്കണം, എപ്പോള്‍ കഴിക്കരുത് എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരിക? അത് ഞങ്ങളെ തരംതാഴ്ത്തുന്നതിന് തുല്ല്യമാണ്. വിശക്കുമ്പോള്‍ കഴിക്കാതെ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്തശേഷം ശരീരം തളരുമ്പോള്‍ ഭക്ഷണം കഴിക്കാതെ, വധുവിന് സൗകര്യപ്രദമാണെന്ന് തോന്നുമ്പോള്‍ മാത്രം കഴിക്കുക എന്നത് അംഗീകരിക്കാനാവില്ല.' റിച്ച കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ടീം അംഗങ്ങള്‍ ഓരോരുത്തരും ഒരു മണിക്കൂര്‍ വീതമാണ് ആവശ്യപ്പെട്ടതെന്ന് വധു പറയുന്നു. 'ഇതെനിക്ക് വിചിത്രമായി തോന്നി. അവര്‍ രാവിലെ 10 മണിക്ക് പ്രഭാതഭക്ഷണം കഴിച്ചിട്ടുണ്ടാവാം. ഒരുപക്ഷേ വൈകുന്നേരം നാല് മണിക്ക് ഉച്ചഭക്ഷണവും. കൂടാതെ ചടങ്ങിനിടയില്‍ ലഘുഭക്ഷണങ്ങളും ലഭ്യമായിരുന്നു. എന്നിട്ടും ഞാന്‍ ആ ആവശ്യം അംഗീകരിച്ചു. പ്രധാനപ്പെട്ട നിമിഷങ്ങളൊന്നും നഷ്ടപ്പെടരുതെന്ന് ഒരു നിബന്ധനയും വെച്ചു.' വധു പറയുന്നു.
മുഴുവന്‍ പണവും ഫോട്ടോഗ്രാഫി ടീം മുന്‍കൂറായി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് പറ്റില്ലെന്ന് പറഞ്ഞെന്നും വധു പറയുന്നു. എന്നാല്‍ ചെറിയൊരു തുക മാത്രമാണ് അവര്‍ മുന്‍കൂറായി നല്‍കിയതെന്നും ബാക്കി പണം ജോലിക്കുശേഷം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അത് സമ്മതിച്ചില്ലെന്നും റിച്ച പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് വധുവിനെ വിമര്‍ശിച്ചും പിന്തുണച്ചും കമന്റ് ചെയ്തത്. ഇത്തരം ആളുകളെ തുറന്നുകാട്ടിയതിന് ഫോട്ടോഗ്രാഫി ടീമിന് നന്ദി പറഞ്ഞാണ് ഒരാളുടെ കമന്റ്. കോര്‍പറേറ്റ് ജോലിക്കാരനെപ്പോലെ ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ ഭക്ഷണം കഴിക്കാമെന്ന് ഫോട്ടോഗ്രാഫി ടീം വിചാരിക്കരുതെന്നും ചടങ്ങുകള്‍ നഷ്ടപ്പെടാതെ ക്യാമറയിലാക്കുകയാണ് ചെയ്യേണ്ടതെന്നും ഒരാള്‍ കുറിച്ചു.
'വധു പറഞ്ഞതാണ് ശരിയെന്ന് പറയേണ്ടിവരും. നിങ്ങള്‍ അവിടെ നിങ്ങളുടെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നത്. ഭക്ഷണത്തിനുള്ള ഇടവേളകള്‍ അതിന്റെ ഭാഗമല്ല. വിവാഹ ഫോട്ടോഗ്രാഫി വളരേയധികം ചെലവേറിയതാണ്. പത്തില്‍ അധികം ആളുകളുള്ള ഒരു ടീമിനെ ഉള്‍ക്കൊള്ളുന്നത് വളരെ കൂടുതലാണ്.' എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
Content Highlights: photographers hit back after NRI bride denies them food at five star wedding
Published: 25 Aug 2025, 04:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented