സന്ന്യാസ ജീവിതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന സിസ്റ്റര്‍ മൃദുലയെ കുറിച്ച് ഹൃദയം നിറയ്ക്കുന്ന കുറിപ്പ് പങ്കുവെച്ച് പി. വിജയന്‍ ഐപിഎസ്. 2005-ല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ ആയിരിക്കുമ്പോഴുള്ള അനുഭവവമാണ് പി. വിജയന്‍ ഐപിഎസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. കൊച്ചി നഗരത്തിലേക്ക് ഏറ്റവുമധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലെ കുട്ടികള്‍ക്ക് പുതുവഴി കാണിച്ചുകൊടുക്കുന്നവളാണ് സിസ്റ്റര്‍ മൃദുലയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. 

To advertise here,

നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങള്‍ എന്ന സുഖസൗകര്യങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ച് അഗതികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് മൃദുല. Sisters of Destitute എന്ന സംഘടനയോടൊപ്പം പ്രവര്‍ത്തിച്ച സിസ്റ്റര്‍ കോളനിയില്‍ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ പരിശീലനത്തിലൂടേയും ക്ലാസുകളിലൂടേയും മാറ്റിയെടുത്തു. ഇന്ന് അവരില്‍ പലവും അഭിഭാഷകരും എഞ്ചിനീയര്‍മാരുമാണ്, പി വിജയന്‍ ഐപിഎസ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. 

പി വിജയന്‍ ഐപിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

2005ല്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ആയിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി സിസ്റ്റര്‍ മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഞാന്‍ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗത ശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങള്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു. നിലവിലുള്ള എല്ലാ കുറ്റവാളികളെയും ജയിലിനുള്ളില്‍ ആക്കിയാല്‍ പിന്നെ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകില്ലേ? ആ ചോദ്യമാണ് അക്കാലത്ത് നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലേക്ക് ഞാന്‍ എത്തുന്നത്. ഞാന്‍ അവിടം സന്ദര്‍ശിക്കുകയും, അവിടെ കളിച്ചു നടക്കുന്ന കുട്ടികളെ കാണുകയും ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത് ഈ ദൂഷ്യവലയത്തില്‍ പെട്ട് ഈ കുട്ടികളും തെറ്റായ പാതത്തിലേക്ക് എത്താന്‍ അധികം കാലം വേണ്ടി വരില്ല എന്ന്. അവരെ എങ്ങനെ രക്ഷിക്കാം എന്ന ചിന്ത സമാനമനസ്‌കരെ ഒരുമിച്ച് കൊണ്ട് വരികയും നന്മ എന്ന സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കോളനിയുമായി ബന്ധപ്പെട്ട് നിരന്തരം എങ്ങനെ പ്രവര്‍ത്തിക്കും എന്ന ചിന്ത ഞങ്ങളെ എത്തിച്ചത് അവിടെ കുറെ നാളുകളായി പ്രവര്‍ത്തിക്കുന്ന അഗതികളുടെ മാലാഖമാര്‍ എന്ന Sisters of Destitute എന്ന സംഘടനയിലേക്കാണ്. ഹൃദയം കൊണ്ടാണ് അവര്‍ ഞങ്ങളെ വരവേറ്റത്. അവിടെ ഞങ്ങള്‍ കണ്ടത് വരെ ഊര്‍ജസ്വലയായ സിസ്റ്റര്‍ മൃദുലയെയും. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങള്‍ എന്ന സുഖസൗകര്യങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചു അഗതികള്‍ക്കും ദരിദ്രര്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം. പിന്നീട് അവിടുത്തെ കുട്ടികളെ ഒരുമിച്ചു കൊണ്ട് വരാനും, രക്ഷിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും വിവിധ സംഘടനകളെ ഇവിടേക്ക് എത്തിക്കാനും മാത്രമല്ല, ഞങ്ങളെ നിരന്തരം കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനും ഒക്കെ സിസ്റ്റര്‍ എന്നും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ആ കോളനിയില്‍ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ ഞങ്ങള്‍ പല ക്ലാസ്സുകളിലൂടെ, പരിശീലനത്തിലൂടെ മാറ്റി എടുത്തു. ആറു മാസത്തിന് ശേഷം സ്വന്തം രക്ഷിതാക്കളെ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കുട്ടികള്‍ ഷേക്സ്സ്പിയറിന്റെ ഇംഗ്ലീഷ് നാടകം അരങ്ങിലെത്തിച്ചു. ഇന്ന് അവരില്‍ പലരും വക്കീലന്മാരും TCS ഉള്‍പ്പെടെ വിവിധ കമ്പനികളില്‍ എഞ്ചിനീയര്‍മാരായി ജോലി നോക്കുന്നു. ഒരു പക്ഷേ അവിടെ നിന്ന് തുടങ്ങിയിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് Student Police Cadet, Our Responsibiltiy to Children, Project HOPE, Child Friendly Police Station തുടങ്ങിയ പദ്ധതികളിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത്. സാമൂഹികമായ ഒരു കാഴ്ചപ്പാട് നമ്മുടെ എല്ലാ പ്രവര്‍ത്തനത്തിലും ഉണ്ടാകണം എന്ന ബോധം എന്നില്‍ ഉണര്‍ത്തിയത് സിസ്റ്റര്‍ മൃദുലയെ പോലുള്ളവരുമായുള്ള അടുത്ത ബന്ധമാണ്. അത് കൊണ്ട് തന്നെ സിസ്റ്റര്‍ മൃദുലയുടെ സന്ന്യാസ ജീവിതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബഹുമാന്യനായ ചക്യാത്ത് പിതാവിന്റെ ക്ഷണവും കൂടിയായപ്പോള്‍ ഈ ദിവസത്തിന്റെ മാറ്റ് ഏറെ വര്‍ദ്ധിക്കുന്നു. സിസ്റ്റര്‍ മൃദുലയ്ക്ക് ഇനിയും ഏറെകാലം മാനവസേവയ്ക്ക് കഴിയട്ടെ എന്നും, സിസ്റ്ററിന്റെ ത്യാഗോജ്വലമായ ജീവിതം നമുക്കെല്ലാം മാതൃകയാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.