കോഴിക്കോട്:‘‘നീ എന്താ മൊട്ടിടാത്തെ, നാളെക്കൂടി മൊട്ടിട്ടില്ലെങ്കിൽ നിന്നെ ഞാൻ പുറകിലേക്കുമാറ്റും കേട്ടോ...’’ സീനയുടെ പരിഭവംകലർന്ന ശകാരം ചെവിയോർത്ത ‘റാബിറ്റ് ഇയർ ഓർക്കിഡ്’ ഏതാനും ദിവസങ്ങൾക്കകംതന്നെ പൂവിട്ടു. കഥകൾപറഞ്ഞും കൂട്ടുകൂടിയും കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കുന്ന ആയിരത്തിലേറെ ഓർക്കിഡുകൾ.മൈലാമ്പാടി ‘ചൈത്രം’ വീട്ടിലെ നാലുസെന്റ് ഭൂമിയിൽ ഒതുങ്ങുന്നതത്രയും വ്യത്യസ്ത ഇനങ്ങളിലും നിറങ്ങളിലുമുള്ള ഓർക്കിഡുകളാണ്. മുറ്റത്തും വീടിനുപുറകിലും ടെറസിലും എവിടെനോക്കിയാലും ഓർക്കിഡുകൾ. ഡെൻഡ്രോബിയം, ഫലനൊപ്‌സിസ്, ഒൻസിടിയം, മോക്കാര, വാൻഡ എന്നീ ഇനത്തിൽപ്പെട്ട 1,300 ഓർക്കിഡുകളാണ് സീന വളർത്തുന്നത്. ഡെൻഡ്രോബിയത്തിൽത്തന്നെ 200 ഇനങ്ങളും ഫലനൊപ്‌സിസിൽ നാല്പതോളം ഇനം ഓർക്കിഡുകളുമുണ്ട്. മുല്ലപ്പൂ കെട്ടിയിട്ടപോലെയുള്ള ‘സെലോജിനി’യും മിഠായിക്കടലാസ് കളിപ്പാട്ടംപോലെയുള്ള ‘ഡാൻസിങ് ഗേളും’ സീനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ചകിരിയും ഓടും കരിയുമുപയോഗിച്ചാണ് ഓർക്കിഡ് കൃഷിചെയ്യുന്നത്. അഞ്ച്-ആറ് മാസത്തോളം വാടാതെ കൊഴിയാതെ ഓർക്കിഡുകൾ നിലനിൽക്കും.ഒരു തൈ നട്ടാൽ രണ്ടാഴ്ചകൊണ്ടുതന്നെ പൂക്കൾ വിരിയും. പൊതുവെ വലകെട്ടി തണൽവിരിച്ച് വളർത്തുന്ന ഓർക്കിഡുകൾ വലയുപയോഗിക്കാതെയാണ് സീന വളർത്തുന്നത്. തൃശ്ശൂർ, കോട്ടയം എന്നീ ജില്ലകളിൽനിന്നും തായ്‌ലൻഡിൽനിന്നുമുള്ള ഏജന്റുമാരിൽനിന്നാണ് സീന തൈകൾ വാങ്ങിക്കുന്നത്.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കോഴിക്കോട് ഫ്ളവർ ഷോ കാണാനെത്തിയപ്പോഴാണ് സീന ആദ്യമായി ഓർക്കിഡുകൾ കാണുന്നത്. മണ്ണിലല്ലാതെ ചകിരിയും ഓടും കരിയും ചേരുന്ന മിശ്രിതത്തിൽ വളരുന്ന ഓർക്കിഡുകൾ അദ്‌ഭുതമായിത്തോന്നി. മടങ്ങുമ്പോൾ രണ്ടുതൈകളും വാങ്ങി. എന്നാൽ ഒരു തുടക്കക്കാരിയുടെ അബദ്ധങ്ങൾകൊണ്ട് ഓർക്കിഡുകൾ പൂത്തുതളിർത്തില്ല. പക്ഷേ, ശ്രമം കൈവിട്ടില്ല. വർഷങ്ങൾക്കുശേഷം ഫറോക്കിലെ വീട്ടിൽനിന്ന് മൈലാമ്പാടിയിലെ ഭർത്താവിന്റെ വീട്ടിലേക്കുവരുമ്പോൾ തന്റെ കൈയിലുള്ള അഞ്ച് ഓർക്കിഡ് തൈകളെയും സീന കൂടെക്കൂട്ടി.
‘ഒരു വരുമാനമാർഗമായിട്ടല്ല ഇത് തുടങ്ങിയത്. ഓർക്കിഡുകൾ എന്റെ പാഷനാണ്. വീട്ടിൽ എല്ലാദിവസവും പൂക്കളെ കാണാമല്ലോ...’ -സീന പറഞ്ഞു.സീനയുടെ ഓർക്കിഡ് മിറാക്കിളിന് പിന്തുണയായി അച്ഛൻ തൈത്തോടൻ ചന്ദ്രനും ഇ.എസ്.ഐ. ആശുപത്രിയിലെ സർജനായ ഭർത്താവ് സി.പി. ഷാജിയും മക്കൾ ശ്രീപ്രിയയും ശ്രേയയും കൂടെത്തന്നെയുണ്ട്.
Content Highlights: orchid farming of seena kozhikode
Published: 14 Dec 2024, 08:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented