
ജീവിതത്തിലെ നിർണായകമായ പരീക്ഷയ്ക്ക് പോകുമ്പോൾ കൃത്യസമയത്ത് പരീക്ഷാഹാളിൽ എത്തുക എന്നത് ഏതൊരു ഉദ്യോഗാർത്ഥിക്കും സമ്മർദ്ദമേറുന്ന കാര്യമാണ്. അങ്ങനെയൊരു ഘട്ടത്തിൽ ആശ്രയിച്ച ഓൺലൈൻ ടാക്സി സർവീസിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്ന ആന്ധ്രാപ്രദേശിലെ ഒരു യുവതിയുടെ നിയമപോരാട്ടമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ജൂനിയർ സിവിൽ ജഡ്ജ് മെയിൻസ് പരീക്ഷ എഴുതാൻ പോയ യുവതിയെയും അമ്മയെയും പരീക്ഷാ കേന്ദ്രത്തിന് 25 കിലോമീറ്റർ അകലെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ പ്രമുഖ റൈഡ് ഷെയറിങ് പ്ലാറ്റ്‌ഫോമായ ഓലയ്ക്ക് 55,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ് കുർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സേവനത്തിലെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ഗുണ്ടൂരിൽ നിന്നും പരീക്ഷാ കേന്ദ്രമായ ആചാര്യ നാഗാർജുന യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിനാണ് യുവതിയും അമ്മയും ഓല ആപ്പ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്. എന്നാൽ ആപ്പിൽ കാണിച്ച വാഹനത്തിന് പകരം മറ്റൊരു വാഹനത്തിലാണ് ഡ്രൈവർ എത്തിയത്. യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിന് പകരം ഡ്രൈവർ വഴിതിരിച്ചുവിട്ടു. ലക്ഷ്യസ്ഥാനത്തുനിന്നും 25 കിലോമീറ്റർ അകലെയുള്ള സ്ഥലത്തെത്തിയപ്പോൾ പരീക്ഷാ കേന്ദ്രത്തിലെത്തിക്കാൻ കൂടുതൽ പണം വേണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ യുവതിയെയും അമ്മയെയും വഴിയിൽ ഇറക്കിവിട്ട് ഡ്രൈവർ കടന്നുകളയുകയായിരുന്നു. യുവതി ഏറെ ബുദ്ധിമുട്ടി മറ്റൊരു ഓട്ടോറിക്ഷയിലാണ് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്.
ഡ്രൈവർമാരെയും യാത്രക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം മാത്രമാണെന്നും ഡ്രൈവർമാരുടെ വ്യക്തിപരമായ പെരുമാറ്റത്തിന് കമ്പനി ഉത്തരവാദികളല്ലെന്നുമായിരുന്നു ഓലയുടെ വാദം. എന്നാൽ ഈ വാദങ്ങൾ ഉപഭോക്തൃ കോടതി തള്ളി.
വെറുമൊരു ഓൺലൈൻ ഇടനിലക്കാരൻ എന്ന് വിശേഷിപ്പിച്ചത് കൊണ്ട് മാത്രം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഓലയ്ക്ക് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
കമ്പനിയുടെ വിശ്വാസ്യത കണക്കിലെടുത്താണ് ഉപഭോക്താക്കൾ സേവനം തിരഞ്ഞെടുക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമും ഒ.ടി.പി സംവിധാനവുമെല്ലാം നിയന്ത്രിക്കുന്നത് കമ്പനിയാണ്.
കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കിയതിന് 50,000 രൂപ നഷ്ടപരിഹാരവും, കോടതിച്ചെലവായി 5,000 രൂപയും പരാതിക്കാരിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.
Content Highlights: The Kurnool District Consumer Disputes Redressal Commission has ordered Ola to pay ₹55,000 in compensation for mental agony and legal costs after a driver stranded a Junior Civil Judge aspirant 25 km away from her exam center and demanded extra money.
Published: 10 Jun 2026, 02:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented