വിദ്യാനഗർ: ടിക്കറ്റ് റദ്ദാക്കിയപ്പോൾ തിരിച്ചുകിട്ടിയ തുകയിൽ ഒരു രൂപ കുറഞ്ഞു. ഈ ഒരു രൂപയ്ക്കായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് ഒടുവിൽ നീതി. ഒരു രൂപയ്ക്കും ടിക്കറ്റ് റദ്ദാക്കിയ ദിവസംമുതൽ ഒൻപതുശതമാനം പലിശയ്ക്കും പുറമേ 100 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 3000 രൂപയും നൽകാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനോട് (ഐ.ആർ.സി.ടി.സി.) കാസർകോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.
2024 ഓഗസ്റ്റ് 11-നാണ് മുളിയാർ കാനത്തൂരിലെ യുവ അഭിഭാഷകനായ സഞ്ജയ് രാജ് 553 രൂപ നൽകി എ.സി. ത്രീ ടയർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓഗസ്റ്റ് 20-ന് യാത്ര ചെയ്യാനായിരുന്നു തീരുമാനം. യാത്രയ്ക്ക് 48 മണിക്കൂറിലധികം ശേഷിക്കെ ഓഗസ്റ്റ് 17-ന് ടിക്കറ്റ് റദ്ദാക്കി. റദ്ദാക്കൽ ചാർജായി 180 രൂപയും അതിന്റെ അഞ്ചുശതമാനം ജി.എസ്.ടി.യായ ഒൻപതു രൂപയും കുറച്ചശേഷം യാത്രക്കാരന് തിരികെ ലഭിക്കേണ്ടിയിരുന്നത് 341 രൂപയായിരുന്നു. എന്നാൽ ഐ.ആർ.സി.ടി.സി. സഞ്ജയ് രാജിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 340 രൂപ മാത്രം.
റീഫണ്ടിൽ ഒരു രൂപയുടെ കുറവുണ്ടായി. തനിക്ക് ലഭിക്കേണ്ട തുക പൂർണമായി നൽകാത്തതിനെ ചോദ്യംചെയ്താണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ഭാഗികമായി അംഗീകരിച്ച കമ്മിഷൻ, കുറച്ച ഒരു രൂപ ഒൻപതുശതമാനം പലിശ സഹിതം തിരികെ നൽകാനും സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാരരീതിക്കും 100 രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. പരാതിക്കാരന് നിയമനടപടികൾക്കായി ചെലവായ 3,000 രൂപയും നൽകണം.
കമ്മിഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ, അംഗം കെ.ജി. ബീന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ടിക്കറ്റ് റദ്ദാക്കിയ 2024 ഓഗസ്റ്റ് 17 മുതൽ തുക തിരികെ നൽകുന്നതുവരെ ഒരു രൂപയ്ക്ക് ഒൻപതുശതമാനം പലിശയും നൽകണം. 30 ദിവസത്തിനകം ഉത്തരവ് പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights: IRCTC shortchanged a passenger by Re 1 on a train ticket refund., Kasaragod District Consumer Disputes Redressal Commission ruled in favor of the lawyer passenger., IRCTC ordered to pay Re 1 with 9% interest, Rs 100 compensation, and Rs 3000 legal costs., The incident dates back to August 2024 ticket cancellation.
Published: 04 Nov 2026, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented