സമൂഹത്തില്‍ എത്ര വലിയ പദവിയിലിരുന്നാലും ഒരുഘട്ടത്തിലെത്തുമ്പോള്‍ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരുടേയും ജീവിതത്തിലേക്ക് കടന്നുവരും. തന്റെ കരിയര്‍ മുഴുവന്‍ വിവാഹത്തിനായുള്ള സമ്മര്‍ദ്ദം  അനുഭവിച്ച നടിയാണ് നിമ്രത് കൗര്‍. ഇത്രയും വര്‍ഷമായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടി.

To advertise here,

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിമ്രത് വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് പങ്കുവെച്ചത്. ഇരുപതുകളുടെ അവസാനത്തില്‍ തന്നെ വിവാഹത്തെക്കുറിച്ചുള്ള പരിഹാസങ്ങളും ചോദ്യങ്ങളും ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിച്ചതായും താരം പറഞ്ഞു. വ്യാജമായിട്ടുള്ള ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ നല്ലതാണ് ചില സമയങ്ങളില്‍ തനിച്ചിരിക്കുന്നതെന്ന് നിമ്രത് പറഞ്ഞു. ദി ലഞ്ച് ബോക്‌സ് എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ ഒരു മാറ്റമുണ്ടായതെന്നും താരം വ്യക്തമാക്കി.

ഇര്‍ഫാന്‍ ഖാനോടൊപ്പം ലഞ്ച് ബോക്‌സില്‍ അഭിനയിക്കുന്നത് വരെ തന്റെ 'അഭ്യുദയാകാംക്ഷികളില്‍' നിന്നും ഒരു അംഗീകാരം ലഭിച്ചിരുന്നില്ല. ഇര്‍ഫാന്‍ ആ സിനിമയില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെയും അവര്‍ അംഗീകരിച്ചു. അതിനുമുന്‍പ് വരെ വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടിരുന്നവര്‍ സിനിമയ്ക്ക് ശേഷം ആ ചോദ്യം അവസാനിപ്പിച്ചു. തന്റെ കഴിവെന്താണെന്ന് ബോധ്യപ്പെടുത്താന്‍ ആ സിനിമയ്ക്ക് കഴിഞ്ഞെന്നും ഒടുവില്‍ അവരുടെ പ്രശംസകള്‍ക്ക് താന്‍ അര്‍ഹയാണെന്ന് ബോധ്യപ്പെടുത്താന്‍ സഹായിച്ചെന്നും നിമ്രത് പറഞ്ഞു. 

സ്ത്രീകള്‍ക്ക് 'സെറ്റില്‍ഡ്' ആവാനുള്ള ഏക ഉപായം വിവാഹമാണെന്ന ധാരണയെ നിമ്രത് ചോദ്യം ചെയ്യുന്നു. കരിയര്‍ ശരിയായ ദിശയില്‍ പോകുന്നില്ലെന്നോ, വരുമാനമില്ലെന്നോ കണ്ടാല്‍ വിവാഹം കഴിക്കാനും സെറ്റിലാകാനും പറയുന്നവരാണ് അധികവും. വിവാഹിതയാകുന്നതുവരെ ജീവിതത്തില്‍ സ്ഥിരത വന്നിട്ടില്ല എന്നാണ് പലരും ചിന്തിക്കുന്നത്. വിവാഹത്തില്‍ വിശ്വസിക്കുന്നവരാണ് ജീവിതത്തില്‍ കൂടുതല്‍ അസ്വസ്ഥരും മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്നും നിമ്രത് അഭിപ്രായപ്പെട്ടു. അവിവാഹിതയായ ഒരാളേക്കാള്‍ ഇത്തരത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആശങ്കപ്പെടുന്നതെന്നും നിമ്രത് കൂട്ടിച്ചേര്‍ത്തു.

സ്വന്തം ജീവിതത്തില്‍ ധൈര്യമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്തവരാണ് അല്‍പം വ്യത്യസ്തമായി ചിന്തിക്കുന്നവരെ കാണുമ്പോള്‍ അവരുടെ ശീലങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.