''അവര്‍ സ്ത്രീയായതിനാലോ ആഫ്രിക്കയില്‍ നിന്നുള്ളതുകൊണ്ടോ അല്ല അവരെ ഞങ്ങള്‍ തിരഞ്ഞെടുത്തത്, ഈ ബുദ്ധിമുട്ടേറിയ ചുമതല വഹിക്കാനുള്ള മികച്ച യോഗ്യതകളും പരിചയവും ഗുണങ്ങളും ഉള്ള സ്ഥാനാര്‍ത്ഥിയായതിനാലാണ്.''ലോക വ്യാപാര സംഘടനയെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, നൈജീരിയന്‍ വംശജയായ നഗോസി ഒകോന്‍ജോ ഇവേലയെ പറ്റി ജനറല്‍ കൗണ്‍സിലിലെ ഒരംഗം പ്രതികരിച്ചത് ഇങ്ങനെയാണ് 

To advertise here,

സംഘടനയുടെ ഡയറക്ടര്‍ ജനറലാകുന്ന ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് ഒകോന്‍ജോ.ലോകവ്യാപാര സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന വെര്‍ച്വല്‍ മീറ്റിങിലാണ് മുന്‍ നൈജീരിയന്‍ ധനകാര്യ മന്ത്രിയും ലോക ബാങ്ക് പ്രതിനിധിയുമായിരുന്ന ഒകോന്‍ജോയെ കഴിഞ്ഞ ദിവസമാണ് ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുത്തത്. 

മാര്‍ച്ച് ഒന്നിനായിരിക്കും ഒകോന്‍ജോ സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് കാലാവധി. സംഘടനയുടെ നിയമാവലി പ്രകാരം ഡയറക്ടര്‍ ജനറലിന്റെ കാലാവധി നീട്ടാന്‍ സാധിക്കും.

'കൊറോണ മഹാമാരി വരുത്തിയ നാശത്തില്‍ നിന്ന് പൂര്‍ണമായി കരകയറണമെങ്കില്‍ ലോക വ്യാപാര സംഘടന ശക്തമാകേണ്ടതുണ്ട്.' അറുപത്താറുകാരിയായ ഒകോന്‍ജോ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത് ഇങ്ങനെ. 

'ആഗോള സമ്പദ്വ്യവസ്ഥയെ വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ നയ പ്രതികരണങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും എല്ലാ അംഗങ്ങളുമായി  ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സംഘടന വളരെയധികം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന സമയമാണ് ഇത്, പക്ഷേ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ ലോകവ്യാപാരസംഘടനയെ കൂടുതല്‍ ശക്തമാക്കാന്‍ നമുക്ക് കഴിയും. ' ഒകോന്‍ജോ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. 

തന്നെ തിരഞ്ഞെടുത്ത എല്ലാ അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതിനൊപ്പം ആഫ്രിക്കയിലെ ജനങ്ങള്‍ക്കും ഒപ്പം സ്ത്രീകള്‍ക്കും അഭിമാനിക്കാനുള്ള കാര്യങ്ങള്‍ താന്‍ ചെയ്യുമെന്നും ഒകോന്‍ജോ പറയുന്നു. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഒകോന്‍ജോ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പ്രാദേശിക സാമ്പത്തിക ശാസ്ത്രത്തിലും വികസനത്തിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 

Content Highlights: Nigeria's Ngozi Okonjo-Iweala Becomes First Female To Head World Trade Organisation