പുനലൂർ: സിനിമാരംഗങ്ങളെ വെല്ലുംവിധം 'മാസ് ആറ്റിറ്റ്യൂഡി'ൽ പോലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറിയിരുന്ന് പുകവലിച്ച് യുവാവ്. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
പുനലൂർ പോലീസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പുനലൂർ സ്വദേശി ഹരിലാൽ എന്ന യുവാവാണ് മദ്യലഹരിയിൽ ഈ അതിക്രമം കാട്ടിയത്. ഇയാളെ പിന്നീട് പോലീസ് ഇറക്കിവിട്ടു. ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിലേക്കാണ് ഇയാൾ വലിഞ്ഞുകയറിയത്. ഇയാൾ കയറുന്നത് ​േപാലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ആളുകൾ മൊബൈൽ ഫോണിൽ ചിത്രവും വീഡിയോയും പകർത്തുന്നതു കണ്ടാണ് പോലീസ് ഓടിയെത്തി ഇയാളെ ഇറക്കിവിട്ടത്.

To advertise here,

മുൻപ് തൂക്കുപാലത്തിനു മുന്നിലെ ഗാന്ധിപ്രതിമയെ അപമാനിച്ചതിനുൾപ്പെടെ ഒട്ടേറെത്തവണ ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. തൂക്കുപാലത്തിന്റെ കിണറുകളിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതിനും പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ല് തകർത്തതിനും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരളസദസ്സിൽ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് പാഞ്ഞുകയറിയതിനുമൊക്കെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.