ജീവിതത്തിലെ പുതിയ വഴിത്തിരുവുകള്‍ തേടിപ്പോകുന്നവര്‍ എത്തിപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈ. നോവലുകളിലും കഥകളിലുമെല്ലാം സ്വപ്‌നങ്ങളുടെ നഗരമെന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലം. എന്നാല്‍ മുംബൈയിലെ ജീവിതം അത്ര സുന്ദരമായി തോന്നാത്തവരുമുണ്ട്. ഒരു മാസത്തിനുള്ളില്‍ മുംബൈയിലെ ജീവിതം മടുത്തതിനെകുറിച്ച് റെഡ്ഡിറ്റില്‍ ഒരു നീണ്ട കുറിപ്പ് തന്നെ പങ്കുവെച്ചിരിക്കുകയാണ് യുവാവ്.

To advertise here,

ഡല്‍ഹിയില്‍നിന്ന് ജോലിമാറ്റം കിട്ടിയാണ്  മുംബൈയിലെത്തയത്. എന്നാല്‍ 'എത്രയും വേഗം തിരിച്ചുപോയാല്‍ മതി' എന്ന മാനസികാവസ്ഥയിലാണ് താനിപ്പോള്‍ ഉള്ളതെന്ന് യുവാവ് പറയുന്നു. വന്‍തുക വാടകയായി നല്‍കേണ്ടി വരുന്നതും ജനത്തിരക്കും ഒരിക്കലും അവസാനിക്കാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളുമെല്ലാമാണ് മുംബൈയെ വെറുക്കാന്‍ കാരണമെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. 

 പെണ്‍സുഹൃത്തുക്കളെ ഒരു ദിവസത്തേക്കുപോലും ഒപ്പം താമസിപ്പിച്ചുകൂടാ എന്നതാണ് വീട്ടുടമസ്ഥര്‍ നല്‍കുന്ന നിര്‍ദേശമെന്നും യുവാവ് പറയുന്നു. ഒരു നിശ്ചിത കാലത്തിനപ്പുറം ആണ്‍സുഹൃത്തുക്കളെ പോലും ഒപ്പം താമസിക്കാന്‍ അനുവദിക്കില്ലെന്നും മുതിര്‍ന്നവരുടെ നിയന്ത്രണങ്ങള്‍ തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെന്നും യുവാവ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വാടകയ്ക്ക് ഒരു വീട് കിട്ടണമെങ്കില്‍ ഡല്‍ഹിയെ അപേക്ഷിച്ച് എത്രത്തോളം ബുദ്ധിമുട്ടുകള്‍ മുംബൈയില്‍ അനുഭവിക്കേണ്ടി വരും എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഒരു വീട് കണ്ട് ഇഷ്ടപ്പെട്ടാല്‍ പണം നല്‍കി അത് വാടകയ്ക്ക് എടുക്കുക എന്നതിനപ്പുറം മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാല്‍ മുംബൈയില്‍ ആദ്യം ഉടമസ്ഥനുമായി സംസാരിക്കണം. അതിനുശേഷം അതേ ഫ്‌ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഉടമയുടെ സുഹൃത്തുമായും സംസാരിക്കേണ്ടി വന്നുവെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. ഇതൊന്നും കൂടാതെ ആ സൊസൈറ്റിയില്‍ താമസിക്കുന്ന എല്ലാവരുടേയും അംഗീകാരം കൂടി ഉണ്ടെങ്കില്‍ മാത്രമേ വീട് വാടകയ്ക്ക് ലഭിക്കൂ എന്നതാണ് സാഹചര്യം. ഇങ്ങനെ വാടകയ്ക്ക് എടുക്കുന്ന വീടിന് ഡല്‍ഹിയിലെ വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നര ഇരട്ടി അധികം നല്‍കണമെന്നും യുവാവ് പറയുന്നു. 

അങ്ങേയറ്റം സങ്കുചിത മനോഭാവമുള്ളവരാണ് മുംബൈയിലുള്ളവരെന്നും വാടക നല്‍കുന്ന വീട്ടില്‍ അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥ ഉള്‍ക്കൊള്ളാനാകില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. മാനേജരുമായി സംസാരിച്ച് എത്രയും വേഗം ഗുരുഗ്രാമിലേക്ക് ജോലി മാറ്റത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.