ബോളിവുഡ് നടി നേഹാ ധൂപിയയും നടൻ അംഗദ് ബേദിയും 2018 ഏപ്രിലിലാണ് വിവാഹിതരായത്. പിന്നീട് എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് അതേവർഷം നവംബറിൽ നേഹ മകൾ മെഹറിന് ജന്മം നൽകി. വിവാഹത്തിന് മുമ്പ് നേഹ ഗർഭിണിയായി എന്ന ചർച്ചകൾ വലിയതോതിലാണ് ആ സമയത്ത് നടന്നത്. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് ദമ്പതിമാർ.

To advertise here,

അപ്രതീക്ഷിതമായ ആ ഗർഭധാരണമാണ് തങ്ങളെ ഒന്നുചേർത്തതെന്ന് നേഹയും അംഗദും പറയുന്നു. കൊമേഡിയന്മാരായ ഭാരതി സിങ്ങിന്റേയും ഹർഷ് ലിംബചിയായുടേയും പോഡ്കാസ്റ്റിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. 'അന്ന് ഗർഭിണിയായതിന് ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. അവളാണ് (മകൾ) ഈ പ്രണയകഥ യാഥാർഥ്യമാക്കിയ ദൈവാനുഗ്രഹം. അങ്ങനെയല്ല സംഭവിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. നിങ്ങൾ അന്വേഷിക്കുന്ന പ്രണയം സമീപത്തുതന്നെയുണ്ട്, പക്ഷേ നിങ്ങൾ അതിനായി ദൂരേക്ക് നോക്കിക്കൊണ്ടിരിക്കും. അവൻ (അംഗദ്) മുഴുവൻ സമയവും എന്റെ തൊട്ടരികിൽ തന്നെയുണ്ടായിരുന്നു.' -നേഹ പറഞ്ഞു.

'ഞങ്ങളുടെ മകളാണ് ഞങ്ങളെ ഒന്നുചേർത്തത്. കാരണം, ഞങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒന്നിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രപഞ്ചം മുഴുവൻ ആദ്യം അവനുവേണ്ടി നിലകൊണ്ടു. അതുകഴിഞ്ഞ് എനിക്കുവേണ്ടി. അതുംകഴിഞ്ഞ് ഞങ്ങൾക്കുവേണ്ടി.' -നേഹ തുടർന്നു.

നേഹയെ ആദ്യം കണ്ടുമുട്ടിയതിനെ കുറിച്ച് അംഗദ് പോഡ്കാസ്റ്റിൽ സംസാരിച്ചു. 'ആദ്യം കണ്ടപ്പോൾ എത്ര സുന്ദരിയാണ് ഇവൾ എന്നാണ് എനിക്ക് തോന്നിയത്. ആ സമയം ഇവൾ ട്രെഡ്മില്ലിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ പിന്നിൽ നിന്ന് അവളെ നോക്കിക്കൊണ്ട് നിന്നു. ഓടിക്കൊണ്ടിരിക്കുന്ന അവളെയാണ് എനിക്ക് ഒറ്റക്കാഴ്ചയിൽ ഇഷ്ടമായത്. അവളൊരു അത്‌ലറ്റാണെന്നാണ് ആ സമയം എനിക്ക് തോന്നിയത്.' -അംഗദ് പറഞ്ഞു.