ന്റെ ജീവിതത്തിൽ ചിരി മാഞ്ഞുപോയ പത്ത് വർഷങ്ങൾ ഓർത്തെടുത്ത് നടി നേഹാ ധൂപിയ. കരിയറിന്റെ തുടക്കകാലത്ത് ഒരു കാസ്റ്റിങ് ഡയറക്ടർ നടത്തിയ പരാമർശമാണ് ചിരി മായ്ച്ചുകളഞ്ഞതെന്നും താരം പറഞ്ഞു. ഈ സംഭവം വർഷങ്ങളോളം തന്നെ ബാധിച്ചുവെന്നും ആത്മവിശ്വാസം തകർത്തുകളഞ്ഞുവെന്നും നേഹാ ധൂപിയ പറഞ്ഞു. നടി ഹുമാ ഖുറേഷിയുമായുള്ള സംഭാഷണത്തിലാണ് നേഹ ഇക്കാര്യങ്ങൾ ഓർത്തെടുത്തത്.

To advertise here,

'എന്റെ കരിയറിന്റെ ഏറ്റവും തുടക്കകാലത്തായിരുന്നു ആ സംഭവം. ഒരു ടിവി ഷോയുടെ ഓഡിഷനായി കാറിൽ പോകുകയായിരുന്നു. കാസ്റ്റിങ് ഡയറക്ടറുടെ കാറിലായിരുന്നു യാത്ര. അയാൾ എന്നെ നോക്കിയപ്പോൾ ഞാൻ പുഞ്ചിരിച്ചു. അപ്പോൾ അയാൾ പറഞ്ഞു, 'നീ ചിരിക്കരുത്. നിന്റെ ചിരി വളരെ മോശമാണ്' എന്ന്.' -നേഹാ ധൂപിയ പറഞ്ഞു. മറ്റുള്ളവർക്ക് ആ പരാമർശം നിസാരമായി തോന്നിയേക്കാമെങ്കിലും തന്നെ അത് ആഴത്തിൽ ബാധിച്ചുവെന്നും തന്റെ പ്രൊഫഷണൽ സമീപനത്തെ അത് മാറ്റിമറിച്ചെന്നും താരം കൂട്ടിച്ചേർത്തു.

Also Read: 'മകളാണ് ഞങ്ങളെ ഒന്നിപ്പിച്ചത്'; വിവാഹത്തിന് മുമ്പ് ഗർഭിണിയായതിനെ കുറിച്ച് നടി നേഹാ ധൂപിയ

കാസ്റ്റിങ് ഡയറക്ടറുടെ ആ വിമർശനം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും നേഹ പറഞ്ഞു. 'പത്ത് വർഷത്തോളമാണ് ഞാൻ പുഞ്ചിരിക്കുന്നത് നിർത്തിയത്. ഫോട്ടോഗ്രാഫുകളിലും ഓഡിഷനുകളിലുമൊന്നും ഞാൻ പിന്നീട് ചിരിച്ച മുഖത്തോടെ പ്രത്യക്ഷപ്പെട്ടിട്ടില്ല. കാരണം, ഞാനും കരുതി, എന്റെ പുഞ്ചിരിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. ഞാൻ മിസ് ഇന്ത്യാ മത്സരത്തിൽ വിജയിച്ചു. പക്ഷേ അന്നത്തെ എന്റെ ചിത്രങ്ങൾ നിങ്ങൾ നോക്കൂ. എന്റെ ചിരിക്കുന്ന മുഖം കാണാൻ കഴിയില്ല. മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പരാജയപ്പെട്ടതും എന്റെ ആത്മവിശ്വാസത്തെ ഉലച്ചുകളഞ്ഞു. മാസങ്ങളോളം സമയമെടുത്താണ് ഞാൻ വൈകാരികമായി അതിൽ നിന്ന് മുക്തി നേടിയത്.' -നേഹ തുടർന്നു.

നേഹയുടെ അനുഭവം കേട്ടപ്പോൾ സമാനമായ അനുഭവം ഹുമാ ഖുറേഷിയും പങ്കുവെച്ചു. തന്റെ രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്ന് അവർ പറഞ്ഞു. മോശം കമന്റുകൾ തന്നെ ആഴത്തിൽ ബാധിച്ചുവെന്നും പിന്നീട് തെറാപ്പിയെടുക്കേണ്ടിവന്നുവെന്നും ഹുമ കൂട്ടിച്ചേർത്തു.