സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷങ്ങളിലൊന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടേയും നടി നടാഷ സ്റ്റാൻകോവിച്ചിൻ്റേയും വിവാഹമോചനം. ഇരുവരേയും ചുറ്റിപ്പറ്റി അഭ്യൂഹങ്ങളുടെ ഘോഷയാത്രയായിരുന്നു സോഷ്യൽ മീഡിയയിൽ. ഹാർദിക്കുമായി പിരിഞ്ഞതിനുശേഷം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടാഷ. 

To advertise here,

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ നടാഷ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. ബി​ഗ് ബോസ് ജേതാവുമായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എൽവിഷ് യാദവിനോടൊപ്പമുള്ള വീഡിയോയാണ് വെെറലാകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് മില്യണിലധികം കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കിക്കഴിഞ്ഞു. 

ഒരു വിഭാ​ഗം ഹാർദിക് ആരാധകരെയും വീഡിയോ ചൊടിപ്പിക്കുന്നുണ്ട്. വിവാ​ദങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട എൽവിഷിനൊപ്പമുള്ള വീഡിയോ നടാഷയുടെ കുറച്ച് ആരാധകരുടെ അനിഷ്ടവും സമ്പാദിച്ചിട്ടുണ്ട്.

നടാഷയും എൽവിഷും ഒരു കടൽത്തീരത്ത് പ്രണയ ജോഡികളെപ്പോലെ നടക്കുന്നതാണ് വീഡിയോയിലുള്ളത്. ശരിക്കും സർപ്രെെസ് ആയെന്നാണ് ചിലർ കുറിച്ചത്. കമൻ്റ് ബോക്സിൽ ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള കമൻ്റുകളാണ് ഏറെയും. ഹാർദിക് പാണ്ഡ്യയുടെ പിറന്നാൾ ദിനത്തിലാണ് വീഡിയോ റിലീസ് ചെയ്തതെന്നതും പ്രത്യേകതയാണ്. എൽവിഷും നടാഷയും കാറിൽ നിന്ന് ഇറങ്ങിവരുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. 

2020-ലാണ് ഹാർദികും ഡാൻസറും മോഡലും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയിൽ രഹസ്യമായായിരുന്നു വിവാഹം. അതേവർഷം ജൂലായിൽ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. 2023-ൽ ആർഭാടപൂർവ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ച് നടത്തിയിരുന്നു. കുറച്ചുനാളുകൾക്ക് മുൻപാണ് വിവാഹമോചനവാർത്ത ഹാർദിക് പാണ്ഡ്യ സ്ഥിരീകരിക്കുന്നത്.