വീണ്ടും അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ച് തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുടുംബചിത്രത്തിലൂടെയാണ് 'കൽക്കി 2898 എഡി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ നാഗ് അശ്വിൻ രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്ന് അറിയിച്ചത്. ഭാര്യ പ്രിയങ്കാ ദത്തിന്റെ 'ബേബി ബംപ്' വ്യക്തമായി കാണാവുന്ന ചിത്രത്തിനൊപ്പം പക്ഷേ നാഗ് അശ്വിൻ ക്യാപ്ഷൻ ഒന്നും കുറിച്ചിരുന്നില്ല.

To advertise here,

നാഗ് അശ്വിനൊപ്പം ഭാര്യ പ്രിയങ്കാ ദത്തും ആദ്യമകൻ ഋഷിയുമാണ് ചിത്രത്തിലുള്ളത്. തന്റെ പ്രിയപ്പെട്ട വളർത്തുനായയും നാഗ് അശ്വിനൊപ്പം ചിത്രത്തിലുണ്ട്. പോസ്റ്റിന്റെ കമന്റ് ബോക്‌സ് നിറയെ നാഗ് അശ്വിനും ഭാര്യ പ്രിയങ്കാ ദത്തിനുമുള്ള അഭിനന്ദന പ്രവാഹമാണുള്ളത്. നടനും തിരക്കഥാകൃത്തുമായ കമൽ കാമരാജു, സംവിധായികമാരായ നന്ദിനി റെഡ്ഡി, റീമാ സെൻഗുപ്ത എന്നിവർ നാഗ് അശ്വിന് ആശംസകൾ നേർന്നു.

യെവാഡെ സുബ്രഹ്‌മണ്യം എന്ന ചിത്രമാണ് നാഗ് അശ്വിൻ ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ നിർമാതാവായിരുന്നു പ്രിയങ്കാ ദത്ത്. പ്രമുഖ ചലച്ചിത്ര നിർമാതാവ് സി. അശ്വിനി ദത്തിന്റെ ഇളയ മകളാണ് പ്രിയങ്കാ ദത്ത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2015-ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017-ലാണ് ഇരുവർക്കും ആദ്യമകൻ ഋഷി ജനിച്ചത്. ‘യെവാഡെ സുബ്രഹ്‌മണ്യ’ത്തിൽ വിജയ് ദേവരകൊണ്ട അവതരിപ്പിച്ച നായകകഥാപാത്രമായ ഋഷിയുടെ പേരാണ് മകന് നാഗ് അശ്വിൻ നൽകിയത്.