ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് ഏഷ്യന്‍ വംശജനായ ഋഷി സുനാക് എത്തിയതിന് പിന്നാലെ ഭാര്യ അക്ഷത മൂര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളേയാണ് ഋഷി സുനാക് വിവാഹം ചെയ്തതെന്ന് അന്നാണ് പലരും അറിഞ്ഞത്. ഇതോടെ അക്ഷതയുടെ പേരിലുള്ള സ്വത്തുക്കളും ഓഹരികളും മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ മറ്റൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിരിക്കുകയാണ് അക്ഷതയുടെ അമ്മ സുധാ മൂര്‍ത്തി.

To advertise here,

ഭർത്താക്കൻമാരെ സ്വാധീനിക്കാൻ ഭാര്യമാർക്ക് എത്രമാത്രം കഴിയുമെന്ന് വിശദീകരിക്കുന്ന സുധാ മൂർത്തിയുടെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഋഷി സുനാകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയാക്കിയത് തന്റെ മകളാണെന്ന് സുധാ മൂര്‍ത്തി പറയുന്നു. തന്റെ മകള്‍ കാരണം ഋഷി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറിയെന്നും അവർ പറയുന്നു. സുധാ മൂർത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

''ഒരു ഭാര്യക്ക് എങ്ങനെ ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് നോക്കൂ. പക്ഷേ, എനിക്ക് എന്റെ ഭര്‍ത്താവിനെ മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. എന്നാലും ഞാന്‍ അദ്ദേഹത്തെ ബിസിനസുകാരനാക്കി മാറ്റി. എന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ പ്രധാനമന്ത്രിയാക്കി. ഭാര്യയുടെ മഹത്വമാണ് ഇതെല്ലാം', സുധ വീഡിയോയില്‍ പറയുന്നു.

'ഇന്‍ഫോസിസ് തുടങ്ങിയത് വ്യാഴാഴ്ച്ചയാണ്. ഞങ്ങളുടെ മരുമകന്‍ അവരുടെ പൂര്‍വികരുടെ കാലം മുതല്‍ 150 വര്‍ഷമായി ഇംഗ്ലണ്ടിലാണ്. പക്ഷേ, അവരെല്ലാവരും മതവിശ്വാസികളാണ്. എല്ലാ കാര്യങ്ങളും വ്യാഴാഴ്ച്ച തുടങ്ങുന്നത് എന്താണെന്ന് വിവാഹം കഴിഞ്ഞ ശേഷം മരുമകന്‍ ചോദിച്ചു. രാഘവേന്ദ്ര സ്വാമി എല്ലാ വ്യാഴാഴ്ച്ചയുമാണ് വ്രതമെടുക്കാറുള്ളത്. അത് നല്ല ദിവസമാണെന്ന് പറഞ്ഞു. മരുമകന്റെ അമ്മ വ്രതമെടുക്കുന്നത് എല്ലാ തിങ്കളാഴ്ച്ചയുമാണ്. മരുമകന്‍ വ്രതമെടുക്കുന്നത് എല്ലാ വ്യാഴാഴ്ച്ചയും', സുധാ മൂര്‍ത്തി പറയുന്നു.

സ്റ്റാന്‍ഫോര്‍ഡിലെ പഠനത്തിനിടയിലാണ് ഋഷി സുനാക്കിനെ അക്ഷത പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വളരുകയായിരുന്നു. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലില്‍വെച്ച് ഇരുവരും വിവാഹിതരായി. ഇവർക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്- കൃഷ്ണയും അനൗഷ്‌കയും.