പട്ടാമ്പി: രാഷ്ട്രീയക്കാരനല്ലെങ്കിലും സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖർ പട്ടാമ്പിക്കടുത്ത ഓങ്ങല്ലൂരിലെ മുത്തുവിനെത്തേടി ഇടയ്ക്കിടെ എത്തും. പൊതുവേദികളിലും നിയമസഭയിലുമൊക്കെ ഇവർ തിളങ്ങിനിൽക്കുന്നതിൽ മുത്തുവിന്റെ കരവിരുതുമുണ്ട്. ഓങ്ങല്ലൂരിലെ മുത്തുവിന്റെ 'ലിബർട്ടി'യിലാണ് ഇവർക്കെല്ലാമുള്ള ഷർട്ടുകൾ തുന്നുന്നത്. മന്ത്രിമാരായ ഒ.ജെ. ജനീഷും പി.സി. വിഷ്ണുനാഥും ജോൺ ബ്രിട്ടാസ് എം.പി.യും എല്ലാമുണ്ട് ഇക്കൂട്ടത്തിൽ.

To advertise here,

മന്ത്രി എ.പി. അനിൽകുമാർ‍, എം.എൽ.എ.മാരായ വി.ടി. ബൽറാം, മുഹമ്മദ് മുഹ്‌സിൻ, മുൻ മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവരും 'ലിബർട്ടി'യിലെ പതിവുകാരാണ്. നാട്ടുകാരനായ ഷാഫി പറമ്പിൽ എം.പി. വഴിയാണ് ഇവരിൽ മിക്കവരും ഈ കടയെക്കുറിച്ച് അറിഞ്ഞത്. മുത്തു എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്‌റഫിന്റെ കണക്കുപുസ്തകത്തിൽ ഇവരുടെയെല്ലാം വസ്ത്രങ്ങളുടെ അളവ് ഭദ്രമായുണ്ട്.

നാൽപ്പത്തഞ്ചുകാരനായ മുഹമ്മദ് അഷ്‌റഫ് കാൽനൂറ്റാണ്ടായി ഈ രംഗത്തുണ്ട്. മൂത്ത സഹോദരൻ മാനുട്ടിക്ക് തയ്യൽക്കടയായിരുന്നു. അവിടെനിന്നാണ് അഷ്‌റഫും തുന്നാൻ പഠിച്ചത്. മാനുട്ടി വിദേശത്തുപോയതോടെ അഷ്‌റഫ് സ്ഥാപനമേറ്റെടുത്തു. നേതാക്കന്മാരൊക്കെ നാലും അഞ്ചും ഷർട്ടുകൾ ഒരുമിച്ചാണ് തയ്ക്കാൻ കൊടുക്കുക. 'വിഷ്ണുച്ചേട്ടനും അനിലേട്ടനുമൊന്നും ആദ്യം ചൈനീസ് കോളറുള്ള ഷർട്ട് ഇടുമായിരുന്നില്ല, ഒരെണ്ണം തയ്ച്ചുകൊടുത്തശേഷമാണ് പിന്നീടിത് ശീലമാക്കിയത്' -അഷ്‌റഫ് പറയുന്നു.

വെള്ള ഖദറിൽനിന്ന് മാറി വിവിധ വർണങ്ങളിലുള്ള ഷർട്ടുകൾ തിരഞ്ഞെടുക്കാൻ സഹായിക്കാറുമുണ്ട്. രാഷ്ട്രീയക്കാർ വിലകൂടിയ തുണികൊണ്ടുള്ള ഷർട്ടുകളാണ് ധരിക്കുന്നതെന്ന് കരുതരുതെന്നും വില അധികമില്ലാത്ത തുണികളാണ് പലരും തിരഞ്ഞെടുക്കുന്നതെന്നും അഷ്‌റഫ് പറയുന്നു.

ഒരുതവണ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയടുത്ത് പോയി അളവെടുത്ത് ഷർട്ട് തയ്ച്ചുകൊടുത്തത് മറക്കാത്ത ഓർമ്മയാണ്. ഇപ്പോൾ ദൂരെയുള്ള നേതാക്കൾ ഫോണിലൂടെ ഷർട്ടിന്റെ ഡിസൈനും കളറും പറയും. ഡയറിയിലെ അളവുപ്രകാരം ഇവ തയ്ച്ച് പാഴ്സലായോ ആരുടെയെങ്കിലും കൈവശമോ കൊടുത്തയക്കും. സുമയ്യയാണ് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ. ഫാത്തിമ ഷഹാന, ഫാത്തിമ ഹന, ഫാത്തിമ ഹിബ, ഐഷ ഹാഷില എന്നിവർ മക്കളാണ്.