അയല്‍വാസിയുടെ പെരുമാറ്റം കാരണം ജീവിതം ദുസഹമായതിനെ കുറിച്ച് റെഡ്ഡിറ്റില്‍ കുറിപ്പ് പങ്കുവെച്ച് മുംബൈ സ്വദേശി. മുംബൈയിലെ ഒരു ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന തന്റെ അയല്‍വാസിയായ നാല്‍പതുകാരന്‍ മയക്കുമരുന്നിന് അടിമയാണെന്നും ഒരു മാലിന്യക്കൂമ്പാരം പോലെയാണ് അദ്ദേഹത്തിന്റെ ഫ്‌ളാറ്റുള്ളതെന്നും മുംബൈ സ്വദേശി കുറിച്ചു.

To advertise here,

'ഒറ്റയ്ക്ക് താമസിക്കുന്ന ഒരു നാല്‍പത് വയസുകാരനെ കുറിച്ചാണ് ഈ കുറിപ്പ്. അദ്ദേഹം എന്റെ അയല്‍വാസിയാണ്. മയക്കുമരുന്നിന് അടിമയായ അയാളെ കൊണ്ടുള്ള ശല്ല്യം കാരണം സമാധാനമായി ജീവിക്കാനാകുന്നില്ല. ഉപദ്രവത്തെ തുടര്‍ന്ന് അമ്മ ഇയാളെ ഉപേക്ഷിച്ചു പോയി. ജോലിയൊന്നും ഇല്ലാത്തതിനാല്‍ അമ്മയുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ കൊണ്ടാണ് ജീവിക്കുന്നത്. 

'പലതവണ ഇയാളെ പുനരധിവാസ കേന്ദ്രങ്ങളില്‍ കൊണ്ടുപോയിട്ടുണ്ട്. ഇയാള്‍ പതിവായി അലറിവിളിക്കുകയും വാച്ച്മാന്‍മാരെയും ജോലിക്കാരെയും ശല്യപ്പെടുത്തുകയും ക്ലീനിംഗ് തൊഴിലാളികളോട് പണം യാചിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ തന്റെ അമ്മയെ ആളുകളുടെ മുന്നില്‍വെച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തു. പല തവണ പോലീസില്‍ പരാതി നല്‍കി. പക്ഷേ, കാര്യമുണ്ടായില്ല.'  ഉപയോക്താവ് റെഡ്ഡിറ്റില്‍ കുറിച്ചു. 

ഇത് എങ്ങനെ പരിഹരിക്കാം എന്ന് അറിയുന്നവര്‍ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കണമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 'അയല്‍വാസിയോടൊപ്പമുള്ള പേടിസ്വപ്ന സമാനമായ സാഹചര്യം- ഉപദേശം തേടുന്നു' എന്ന ക്യാപ്ഷനോടെയാണ് ഇയാള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 

അയല്‍വാസിയുടെ മാലിന്യം നിറഞ്ഞ ത്രീ ബിഎച്ച്‌കെ ഫ്‌ളാറ്റിന്റെ ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാലിന്യം നിറഞ്ഞ മുറികളും തകര്‍ന്ന ഫര്‍ണിച്ചറുകളും നശിച്ച ഭിത്തികളും ചിത്രത്തില്‍ കാണാം. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോഴാണ് അയല്‍വാസികള്‍ ഹൗസിങ് സൊസൈറ്റിയെ തങ്ങളുടെ ആശങ്ക അറിയിച്ചത്. നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇവര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെ സമീപിച്ചു. അവര്‍ വന്ന് ഫോട്ടോ എടുത്തു പോയെങ്കിലും ഒരു മാസമായിട്ടും നടപടിയൊന്നും ആയില്ലെന്നും കുറിപ്പില്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ഹെല്‍പ്പ് ലൈനുകള്‍, എന്‍ജിഒകള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിക്കൊണ്ടാണ് റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 

ഇതിന് താഴെ ഒട്ടേറെപ്പേര്‍ പ്രതികരണവുമായെത്തി. ചിലര്‍ മാനസികാരോഗ്യ പുനരധിവാസ സേവനങ്ങള്‍, മുനിസിപ്പല്‍ തലത്തില്‍ പ്രശ്‌നം ഉയര്‍ത്താനുള്ള വഴികള്‍, ഹൗസിംഗ് ട്രൈബ്യൂണലുകള്‍ വഴിയുള്ള നിയമോപദേശം എന്നിവ നിര്‍ദ്ദേശിച്ചു. 'ഇയാളുടെ കുടുംബം ഇയാളെ ഒരു സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണം. ഇയാളെപ്പോലെ ഗുരുതരമായ കേസുകളുള്ള നിരവധി പേരുണ്ട്. ഇയാളുടെ കുടുംബത്തിന് ഇതിനെക്കുറിച്ച് ധാരണയില്ലാത്തതുപോലെ തോന്നുന്നു. അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇയാള്‍ നന്നാകാന്‍ സാധ്യതയുണ്ട്.' ഒരു ഉപയോക്താവ് കുറിച്ചു.