തിരുവനന്തപുരം: വെള്ളറടയില്‍ കാണാതായ സ്ത്രീയെ അയല്‍വാസി കൊന്ന് കുഴിച്ചിട്ടതായി സംശയം. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ(48)യാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. അയൽവാസിയായ സരസ്വതിയുടെ മരുമകൻ വിനോദ്, വിനോദിന്റെ സഹോദരൻ നെയ്യാറ്റിൻകര സ്വദേശി സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദ് കുറ്റം സമ്മതിച്ചതായാണ് സൂചന.

To advertise here,

ജൂണ്‍ 12-ാം തീയതി മുതലാണ് പ്രിയംവദയെ കാണാതായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി ഞായറാഴ്ച രാവിലെ മൊഴിനല്‍കിയത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സർക്കിൾ ഇൻസ്പെക്ടർമാർ ഇവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.

പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചതായാണ് സൂചന. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. സംഭവത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിനോദും പ്രിയംവദയും സുഹൃത്തുക്കളായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.