തിരുവനന്തപുരം: വെള്ളറടയില്‍ അയല്‍ക്കാരന്‍ കൊന്ന് കുഴിച്ചിട്ട പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലെന്ന് വിവരം. മൃതദേഹം പുറത്തെടുത്തതിന് പിന്നാലെയാണ് പ്രിയംവദയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാല കാണാനില്ലെന്ന വിവരം കുടുംബാംഗങ്ങള്‍ അറിയിച്ചത്. പ്രതി വിനോദ് മാല കൈക്കലാക്കിയോ അതോ മാല പ്രിയംവദയുടെ വീട്ടില്‍തന്നെ സൂക്ഷിച്ചിട്ടുണ്ടോ എന്നത് കണ്ടെത്താനായി തിങ്കളാഴ്ച വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. 

To advertise here,

അതിനിടെ, പ്രിയംവദയുടെ മൊബൈല്‍ഫോണ്‍ കൊലപാതകം നടന്നദിവസംതന്നെ വിനോദ് കൈക്കലാക്കി നശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യം പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, തെളിവിനായി മൊബൈല്‍ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. പ്രിയംവദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

കഴിഞ്ഞദിവസമാണ് പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടില്‍ പ്രിയംവദ(48) കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ മാവുവിള വി.എസ്. ഭവനില്‍ വിനോദാണ്(46) അറസ്റ്റിലായത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതിന് വിനോദിന്റെ സഹോദരന്‍ ചെങ്കല്‍ വട്ടവിള സ്വദേശി സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയുടെ ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞതോടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ സിന്ധു വിദേശത്തായതിനാല്‍ വിനോദും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിനോദിന്റെ മക്കള്‍ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് താമസം.

വിനോദും പ്രിയംവദയുമായി മുന്‍പ് പണമിടപാടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവെച്ച് പ്രിയംവദയെ തടഞ്ഞുനിര്‍ത്തി വിനോദ് പണം ചോദിച്ചു. വാക്കേറ്റത്തിനിടെ ഇയാള്‍ പ്രിയംവദയെ മര്‍ദിച്ചു. ബോധരഹിതയായ പ്രിയംവദയെ വലിച്ചിഴച്ച് തന്റെ വീടിനകത്തെത്തിച്ചു. പിന്നീട് ബോധംവന്നപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തുണികൊണ്ടുമൂടി കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.

ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വിനോദിന്റെ ഭാര്യാമാതാവും മകളും വിനോദിന്റെ വീട് പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ തുണിക്കകത്തായി കൈപ്പത്തിയുടെ ഭാഗം കണ്ടു. ഞായറാഴ്ച രാവിലെ ഇവര്‍ സമീപത്തെ പള്ളിയില്‍ പോയി വികാരിയോടും ഭാരവാഹിയോടും സംഭവം പറഞ്ഞു. തുടര്‍ന്ന് വെള്ളറട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. വിനോദിനേയും സഹോദരനെയും പിടികൂടുകയായിരുന്നു. എന്നാല്‍, ശനിയാഴ്ച രാത്രിതന്നെ മൃതദേഹം കുഴിച്ചിട്ടിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. 

അതേസമയം, ജൂണ്‍ 12-ാം തീയതി മുതല്‍ പ്രിയംവദയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്രിയംവദയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളോ മറ്റോ പരിശോധിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.