കഴിഞ്ഞദിവസമാണ് തമിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൽ ഠാക്കൂറും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പ്രചരിച്ചത്. പ്രണയദിനമായ ഫെബ്രുവരി 14-ന് ഇരുവരും വിവാഹിതരാകുമെന്നാണ് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ധനുഷുമായി അടുത്തവൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നതിന് പല 'തെളിവുകളും' സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു.

To advertise here,

ഇപ്പോഴിതാ, മൃണാൾ ഠാക്കൂർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിനുതാഴെ ധനുഷിനെ കുറിച്ചുള്ള കമന്റുകൾ നിറയ്ക്കുകയാണ് ആരാധകർ. പ്രചരിച്ച അഭ്യൂഹങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത റീലിന് താഴെയാണ് ആരാധകർ ധനുഷുമായുള്ള പ്രണയവും അതേക്കുറിച്ചുള്ള ചോദ്യങ്ങളും കമന്റിട്ടത്. ഇതോടെ മൃണാളിന്റെ റീൽ വൈറലായി.

Also Read: മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു? കല്യാണം വാലന്റൈൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

കടൽയാത്രയ്ക്കിടെ ബോട്ടിലിരുന്ന് സൂര്യാസ്തമയവും കടൽക്കാറ്റും ആസ്വദിക്കുന്ന വീഡിയോയാണ് മൃണാൾ പങ്കുവെച്ചത്. ആയുധ എഴുത്ത് എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്‌മാൻ സംഗീതം നൽകിയ ‘യാക്കൈ തിരി’ എന്ന പോപ്പ് ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 'വിനയത്തോടെ, തിളക്കത്തോടെ, കുലുക്കമില്ലാതെ' എന്നാണ് വീഡിയോയ്‌ക്കൊപ്പം മൃണാൾ ഠാക്കൂർ കുറിച്ചത്.

ധനുഷിന്റെ GIF ചിത്രങ്ങളാണ് മൃണാളിന്റെ പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ കൂടുതലായുള്ളത്. 'ഇനിമുതൽ നിങ്ങളുടെ ഹൃദയം ധനുഷ് ധനുഷ് എന്നാണ് തുടിക്കുക' എന്നാണ് ഒരാൾ കമന്റിട്ടത്. 'നിങ്ങൾ ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ?' എന്ന് മറ്റൊരാൾ നിഷ്‌കളങ്കമായി ചോദിച്ചു. ആരാണ് ക്യാമറാമാൻ എന്നാണ് വേറെ ചിലർക്ക് അറിയേണ്ടിയിരുന്നത്. അതേസമയം മൃണാളിന്റെ സൗന്ദര്യത്തേയും അഭിനയശേഷിയേയും പ്രകീർത്തിച്ചുകൊണ്ടും ഒട്ടേറെ പേർ കമന്റിട്ടു.

മൃണാൾ-ധനുഷ് പ്രണയാഭ്യൂഹം

ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹം ഏറെ നാളായി അന്തരീക്ഷത്തിലുണ്ട്. അജയ് ദേവ്ഗണും മൃണാളും പ്രധാനവേഷങ്ങളിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രണയാഭ്യൂഹം തുടങ്ങിയത്.

മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക് മേ'യുടെ നിർമാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.

മൃണാളിന്റെ പോസ്റ്റിന് താഴെ ധനുഷ് ഇട്ട കമന്റാണ് അഭ്യൂഹങ്ങൾക്ക് ശക്തിപകർന്ന ഒടുവിലത്തെ സംഭവം. 'ദോ ദിവാനാ ഷെഹർ മേ' എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ മൃണാൾ പങ്കുവെച്ചപ്പോഴായിരുന്നു സംഭവം. നന്നായിട്ടുണ്ട് എന്നാണ് ധനുഷ് പോസ്റ്റിന് താഴെ കമന്റിട്ടത്. ഇതിന് മൃണാളും ചിത്രത്തിലെ നായകൻ സിദ്ധാർഥ് ചതുർവേദിയും മറുപടിയും നൽകിയിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ട് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

തമിഴ് സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.