ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. കത്രീനയുമായി പ്രണയത്തിലാകുന്ന സമയത്ത് വിക്കി ബോളിവുഡില്‍ വളര്‍ന്നുവരുന്നതേയുണ്ടായിരുന്നുള്ളു. കത്രീനയകാട്ടെ ഏറെ താരമൂല്യമുള്ള നടിയുമായിരുന്നു. 2021 ഡിസംബര്‍ ഒമ്പതിന് ഇരുവരും രാജസ്ഥാനില്‍വെച്ച് വിവാഹിതരായി. 

To advertise here,

ഇപ്പോഴിതാ അടുത്ത സുഹൃത്തും ചലച്ചിത്ര നിര്‍മാതാവുമായ കരിഷ്മ കോലിയുടെ വിവാഹത്തിന് പോയപ്പോഴെടുത്ത ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതില്‍ കത്രീനയുടെ കൈയില്‍ 'വി.കെ'  എന്ന് മെഹന്ദിയിട്ടിരിക്കുന്നത് കാണാം. വലതു കൈയുടെ ഏറ്റവും മുകളിലായാണ് മെഹന്ദിയുള്ളത്. വിക്കിയുടെ കൂടെ ചിരിച്ചിരിക്കുന്ന കത്രീനയുടെ ചിത്രത്തില്‍ ഇത് വ്യക്തമായി കാണാം.

പിങ്ക് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ സുന്ദരിയായാണ് കത്രീന വിവാഹത്തിനെത്തിയത്. കറുപ്പ് നിറത്തിലുള്ള ക്ലാസിക് ത്രീ-പീസ് സ്യൂട്ടായിരുന്നു വിക്കിയുടെ ഔട്ട്ഫിറ്റ്. ചിത്രങ്ങളിലൊന്നില്‍ കത്രീനയും വിക്കിയും ഒരുമിച്ചിരുന്ന് വിവാഹാഘോഷങ്ങള്‍ ആസ്വദിക്കുന്നത് കാണാം.വധുവായ കരിഷ്മയെ കത്രീന സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.