ബോളിവുഡ് നടി മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്ത കുറച്ചുദിവസം മുമ്പാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വിവാഹ മോചന അഭ്യൂഹം പിന്നീട് മൗനി റോയ് സ്ഥിരീകരിച്ചു. സംയുക്തമായി പരസ്പര ധാരണയോടെ വേർപിരിയുകയാണെന്നാണ് പ്രസ്താവനയിൽ പറഞ്ഞത്. ഇപ്പോഴിതാ വിവാഹമോചനവാർത്തകൾക്കിടെ തന്റെ അടുത്ത സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് മൗനി.

To advertise here,

തന്റെ 'ബെസ്റ്റി'യായ തൃഷാലാ ഗോകുൽദാസിന്റെ പിറന്നാളാണ് മൗനി റോയ് ആഘോഷിച്ചത്. ഭൂമിയിലല്ല, മറിച്ച് ആകാശത്ത് പറക്കുന്ന വിമാനത്തിൽ വെച്ചായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ചിത്രങ്ങൾ മൗനി റോയ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു. വിമാനത്തിലെ ട്രേ ടേബിളിന്മേലുള്ള പ്ലേറ്റിൽ റോസാപ്പൂ പോലെ തോന്നിക്കുന്ന കപ്പ് കേക്കുകളാണ് ചിത്രത്തിലുള്ളത്. ഹാപ്പി ബർത്ത്‌ഡേ എന്നെഴുതിയ കാർഡും സമീപം കാണാം.

മൗനി-സൂരജ് വിവാഹമോചനം

ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതായി ആരാധകർ കണ്ടെത്തിയതോടെയാണ് മൗനി റോയിയും സൂരജ് വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹം ഉയർന്നത്. ഇരുവരുമായി അടുത്ത ബന്ധമുള്ള നടി ദിഷാ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തിരുന്നു. 2022 ജനുവരിയിലാണ് മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരായത്. അതിന് ശേഷം ഒന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നടി മാത്രമല്ല, സംരംഭക കൂടിയാമാണ് മൗനി. 2022 ജനുവരിയിൽ ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മലയാളി, ബംഗാളി പാരമ്പര്യങ്ങൾ പ്രകാരമുള്ള ചടങ്ങളുകളുണ്ടായിരുന്നു. മലയാളി ആചാരങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്, വൈകുന്നേരത്തോടെ ബംഗാളി വിവാഹവും നടന്നു. 'ഞാനെന്റെ പങ്കാളിയെ കണ്ടെത്തി.. കൈകോർത്ത്, കുടുംബത്തിന്റെയും കൂട്ടുകാരുടെയും അനുഗ്രഹത്തോടെ, ഞങ്ങൾ വിവാഹിതരായി! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും വേണം. സ്‌നേഹത്തോടെ, സൂരജും മൗനിയും.' -ഇതായിരുന്നു അന്ന് വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മൗനി കുറിച്ചത്.